ഭാര്യയുടെ അറുത്തെടുത്ത തലയുമായി സ്കൂട്ടർ യാത്ര നടത്തിയ യുവാവ് പൊലീസ് പിടിയിൽ. കർണാടകയിലെ ചന്ദാപുരിലാണ് സംഭവം. ഹെബ്ബഗൊഡി സ്വദേശി മാനസ (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ശങ്കറിനെ (26) യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രക്തം പുരണ്ട വസ്ത്രം ധരിച്ച് സ്കൂട്ടർ ഓടിച്ചെത്തുന്ന യുവാവിനെ കണ്ടാണ് പൊലീസ് വാഹനം തടഞ്ഞത്.
പരിശോധിച്ച പെലീസുകാർ അമ്പരന്നു. സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ വെട്ടിയെടുത്ത തലയാണ് പൊലീസ് കണ്ടത്. ഇത് ഭാര്യ മാനസയുടേതാണെന്ന് യുവാവ് സമ്മതിച്ചു. പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങാൻ വരുന്നതിനിടെയാണ് പൊലീസിനെ കാണുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇരുവരും അഞ്ചു വർഷം മുൻപാണ് വിവാഹിതരായത്.
മൂന്നു വയസുകാരിയായ മകളുണ്ട് ദമ്പതികൾക്ക്. വിവാഹേതര ബന്ധം സംശയിച്ചായിരുന്നു അരുംകൊല. പതിവായി ഉണ്ടാകുന്ന വഴക്കിനെ തുടർന്ന് മാനസ അമ്മ വീട്ടിലേക്ക് പോയിരുന്നു. മകളെ ഒപ്പം കൂട്ടാൻ എത്തിയപ്പോഴായിരുന്നു കൊല. മഴു ഉപയോഗിച്ചാണ് യുവാവ് ഭാര്യയുടെ തലവെട്ടിയെടുത്തത്. വ്യക്തമായ ആസൂത്രണം ഇതിന് പിന്നിലുണ്ടെന്ന് പൊലീസ് പറയുന്നു.















