…ആർ.കെ രമേഷ്…
റൊളംഗ് ഗാരോസിലെ ചുവന്ന കളിമൺ കോർട്ടിൽ വലിയൊരു തിരിച്ചുവരവിലൂടെയാണ് ലോക ഒന്നാം നമ്പർ താരമായ അരീന സബലേങ്കയെ വീഴ്‌ത്തി കൊക്കോ ഗോഫ് ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ടത്. 21-കാരിയുടെ രണ്ടാം ഗ്രാൻഡ് സ്ലാമാണിത്. ടൈബ്രേക്കറിൽ ആദ്യ സെറ്റ് നഷ്ടമായെങ്കിലും പിന്നീടുള്ള രണ്ടു സെറ്റുകളും ജയിച്ചാണ് കിരീടം ചൂടിയത്.
2019-ൽ തന്റെ ആരാധാനപാത്രമായ വീനസ് വില്യംസിനെ അടിയറവ് പറയിച്ചാണ് ടെന്നീസിൽ ഗോഫ് വരവറിയിച്ചത്. 15-ാം വയസിൽ വിംബിൾഡണിന്റെ ഒന്നാം റൗണ്ടിലായിരുന്നു ആ അത്ഭുത വിജയം. 22 വയസിന് മുൻപ് രണ്ടു ഗ്രാൻഡ് സ്ലാം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം താരമയതും അതേ ഗോഫ് തന്നെ. മുന്നിലുള്ളതാകട്ടെ ഇതിഹാസമായ വീനസ് വില്യംസും.
കാഴ്ചയിലെ സാമ്യം മാത്രമല്ല കേളി ശൈലിയിലും കഴിവിലും വീനസ് വില്യംസിന്റെ പ്രതാപ കാലത്തെ ഓർമപ്പെടുത്തുന്നുണ്ട് യുഎസ് താരം. 2023-ൽ അരീന സബലേങ്കയുടെ വെല്ലുവിളി അതിജീവിച്ച് യുഎസ് ഓപ്പൺ കിരീടം ഉയർത്തിയപ്പോൾ ടെന്നീസ് ലോകം കണ്ടത് ഒരു താരത്തിന്റെ ഉദയമായിരുന്നു.
എന്നാൽ പിന്നീടങ്ങോട്ട് അവരെ വിടാതെ പിന്തുടർന്നത് മേജർ ടൂർണമെന്റുകളിലെ തോൽവികളായിരുന്നു. വൺ സീസൺ വണ്ടർ എന്ന പരിഹാസം അവരെ തളർത്തിയില്ല. കളിയാക്കലുകൾക്ക് അളന്നുമുറിച്ച ഷോട്ടുകളിലൂടെയാണ് അവർ മറുപടി നൽകിയത്.
2015ൽ സെറീന വില്യംസിന്റെ കിരീടനേട്ടത്തിനു ശേഷം ഫ്രഞ്ച് ഓപ്പൺ വിജയിക്കുന്ന ആദ്യ യുഎസ് താരമെന്ന ഖ്യാതികൂടിയാണ് ഗോഫ് സ്വന്തം പേരിലേക്ക് ചേർത്തത്. ഇനി വരാനുള്ളതും അവരുടെ കാലം തന്നെയാണ്.















