തിരുവനന്തപുരം: നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും ഓട്ടോറിക്ഷയിൽ കഞ്ചാവ് വില്പന നടത്തിയിരുന്ന രണ്ടുപേർ അറസ്റ്റിൽ. പനവൂർ വിളയിൽ എസ്.പി.കെ മൻസിലിൽ സൂഫിയാൻ, പനവൂർ സുധീർ മൻസലിൽ യൂസഫ് എന്നിവരെയാണ് തിരുവനന്തപുരം റൂറൽ പൊലീസിന്റെ ഡാൻസാഫ് ടീം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും വില്പനയ്‌ക്കായി കരുതിയിരുന്ന കഞ്ചാവ് പൊതികളും കണ്ടെത്തി.
പ്രതികൾ സ്ഥിരമായി ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് കഞ്ചാവ് വില്പന നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീം അംഗങ്ങൾ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയ്‌ക്കിടെയാണ് പ്രതികൾ വലയിലായത്.