ന്യൂഡൽഹി: മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിൽ ദുരൂഹതകൾ ഇനിയും ബാക്കി. ബിസിനസുകാരനായ രാജ രഘുവംശിയുടെ കൊലപാതകത്തിൽ കേസന്വേഷണം തുടർന്നപ്പോൾ യുവാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് പ്രതിയായ രാജ് കുശ്വാഹ. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ രാജ രഘുവംശിയുടെ പിതാവിനെ പ്രതി ആശ്വസിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
യുവാവിന്റെ പിതാവ് ദേവി സിംഗിന്റെ കയ്യിൽ പിടിച്ചുകൊണ്ട് വരുന്നതും ചടങ്ങുകളിൽ കൂടെ നിൽക്കുന്നതും പ്രതി തന്നെയാണ്. രാജ രഘുവംശിയുടെ കൊലപാതകത്തിൽ ഭാര്യ സോനവും കാമുകനും ക്വട്ടേഷൻ സംഘത്തിലെ മൂന്ന് പേരും അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. രാജ രഘുവംശിയെ കൊലപ്പെടുത്താൻ കാമുകനും യുവതിയും ചേർന്ന് ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
ഹണിമൂൺ യാത്രക്കിടെ മെയ് 23-ന് കാണാതായ ദമ്പതികളിൽ രാജ രഘുവംശത്തിന്റെ മൃതദേഹം ജൂൺ രണ്ടിനാണ് കണ്ടെത്തുന്നത്. വെട്ടികൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. എന്നാൽ സോനത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഒരാഴ്ച കഴിഞ്ഞതിന് ശേഷമാണ് സോനത്തെ കണ്ടെത്തുന്നത്.















