ലോർഡ്സിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് നാളെ തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ചാമ്പ്യൻഷിപ്പ് നിലനിർത്താൻ ഇറങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയുടെ വരവ് ഫൈനലുകളിലെ ദുർവിധി മാറ്റാനാണ്. 11 മുതൽ 15 വരെയാണ് മത്സരം. 16ന് റിസർവ് ഡേയായി അനുവദിച്ചിട്ടുണ്ട്. പേസ് ബൗളർമാരുടെ കമനീയ ശേഖരവുമായാണ് ഇരു ടീമുകളും കലാശ പോരിന് കച്ചമുറുക്കിയത്.
ടെംബ ബാവുമ നയിക്കുന്ന പ്രോട്ടീസിനായി കഗീസോ റബാഡ, മാർക്കോ യാൻസർ, ഡെയ്ൻ പാറ്റേഴ്സൺ എന്നിവർ ഇറങ്ങുമ്പോൾ ഓസ്ട്രേലിയൻ നിരയിൽ പേസ് ബൗളിംഗ് നയിക്കുന്ന ക്യാപ്റ്റൻ കമിൻസിനൊപ്പം മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസിൽവുഡും അണിനിരക്കും.
2023-ൽ ഇന്ത്യയെ 209 റൺസിന് തകർത്താണ് ഓസ്ട്രേലിയ ജേതാക്കളായത്. ലോർഡ്സിലും കങ്കാരുകൾക്ക് മുൻതൂക്കമുണ്ട്. ഇവിടെ കളിച്ച 40 ടെസ്റ്റുകളിൽ 18 വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. താരങ്ങളുടെ പരിചയസമ്പത്തും കങ്കാരുകൾക്ക് തുണയാകും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ തുടർച്ചയായ ഏഴു ജയങ്ങളുമായാണ്
ദക്ഷിണാഫ്രിക്ക വരുന്നത്. എന്നാൽ ലോർഡ്സിൽ അത്ര നല്ല ഓർമകളല്ല അവർക്കുള്ളത്. ഇവിടെ കളിച്ച 18 ടെസ്റ്റുകളിൽ ആറെണ്ണത്തിൽ മാത്രമെ പ്രോട്ടീസിന് ജയിക്കാനായിട്ടുള്ളു. പ്രാദേശിക സമയം രാവിലെ 10.30നാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയിൽ വൈകിട്ട് 3 മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്ററിലും മത്സരം തത്സമയം കാണാം.















