ന്യൂഡൽഹി: ഭീകരർ പാകിസ്ഥാനിൽ എവിടെ ഒളിച്ചാലും അവിടെ പോയി ആക്രമണം നടത്താൻ ഇന്ത്യ മടിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യൂറോപ്യൻ യൂണിയൻ വ്യാപാര ചർച്ചകളിൽ പങ്കെടുക്കുന്നതിനിടെയാണ് ജയശങ്കറിന്റെ പ്രതികരണം.
“ഭീകരതയെ രാഷ്‌ട്രനയത്തിന്റെ ഒരു ഉപകരണമായാണ് പാകിസ്ഥാൻ കാണുന്നത്. പാകിസ്ഥാൻ ആയിരക്കണക്കിന് ഭീകരരെ പരിശീലിപ്പിക്കുകയും അതിർത്തിക്കപ്പുറത്തേക്ക് ആക്രമണം നടത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഭീകരസംഘടനകൾക്കും അവരെ സഹായിക്കുന്നവർക്കുമെതിരെ പ്രതികാരം ചെയ്യും. ഇത്തരം പ്രവൃത്തികൾ ഇന്ത്യ ഒരിക്കലും വച്ചുപൊറുപ്പിക്കില്ല. അതിന് പ്രധാന തെളിവാണ് ഇന്ത്യയുടെ സൈനിക നടപടിയിൽ തകർന്ന പാകിസ്ഥാനിലെ വ്യോമതാവളങ്ങൾ. പാകിസ്ഥാന്റെ റൺവേയിലും മറ്റുമുണ്ടായ കേടുപാടുകൾ ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാവും”.
അതിർത്തി കടന്നുള്ള ഭീകരത തുടരുന്നിടത്തോളം കാലം ഞങ്ങൾ തിരിച്ചടിക്കുക തന്നെ ചെയ്യും. രാജ്യത്തിന്റെ സ്വയം പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കും. ഭാരതത്തിലെ ജനങ്ങളോടുള്ള നമ്മുടെ ഉത്തരവാദിത്തമാണത്. ഇന്ത്യയുടെ സൈനിക നടപടികളുടെ വിജയമാണ് പാകിസ്ഥാനെ വെടിനിർത്തൽ ചർച്ചയിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.















