ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ഭാര്യയെക്കുറിച്ചുള്ള വാർത്തയുടെ ഞെട്ടൽ മാറും മുൻപ് മറ്റൊരു ക്രൂര കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നു. മഹാരാഷ്‌ട്രയിൽ ഭാര്യ മഴു ഉപയോഗിച്ച് ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയതാണ് സംഭവം.
സാങ്ക്ലിയിലാണ് ക്രൂര കൊലപാതകം അരങ്ങേറിയത്. അനിൽ ലോഖണ്ഡെ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ രാധികയാണ് പിടിയിലായത്. മൂന്നാഴ്ച മുൻപായിരുന്നു വിവാഹം. ജൂൺ പത്തിനായിരുന്നു അരും കൊല നടന്നത്. കുടുംബ വഴക്കിന് പിന്നാലെ ഉറങ്ങിക്കിടന്ന ഭർത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവിന്റെ തലയ്‌ക്കാണ് യുവതി അക്രമിച്ചത്.
പരിക്കേറ്റ അനിൽ തത്ക്ഷണം മരിച്ചു. സാങ്ക്ലി ജില്ലയിൽ വച്ച് മേയ് 23-നായിരുന്നു ഇവരുടെ വിവാഹം. കൊലപാതകത്തിന് ശേഷം വിവരം ഇവർ ബന്ധുവിനെ വിളിച്ചറിയിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കിയ രാധികയെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കുടുംബ വഴക്കാണ് കൊലയ്‌ക്ക് പ്രാഥമിക കാരണമായി വിലയിരുത്തത്. അനിൽ ലോഖണ്ഡെയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭാര്യ കാൻസർ ബാധിച്ച് മരിച്ചു. വിവാഹശേഷം അനിൽ ലോഖണ്ഡെയും ഭാര്യ രാധികയും തമ്മിൽ ശാരീരിക ബന്ധത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.















