അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം പങ്കുവച്ച് വിരാട് കോഹ്ലിയും രോഹിത് ശർമയും ഉൾപ്പടെയുള്ള ക്രിക്കറ്റ് താരങ്ങൾ. 265 പേരുടെ ജീവനും സ്വപ്നങ്ങളുമാണ് ഇന്നലെ നിമിഷങ്ങൾ കൊണ്ട് പൊലിഞ്ഞു വീണത്. കോഹ്ലിയും ശർമയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചത്. അപകടത്തിൽ ഞെട്ടൽ പങ്കുവച്ച ഇരുവരും ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും അവർക്കൊപ്പമാണ് ചിന്തകളെന്നും പറഞ്ഞു.
അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനമാണ് നിമിഷങ്ങൾക്കകം നിലംപതിച്ച് അഗ്നിഗോളമായത്. മെഡിക്കൽ കോളേജ് കാമ്പസിലെ ഹോസ്റ്റൽ കെട്ടിടത്തിലാണ് വിമാനം പതിച്ചത്. ഇവിടയുണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരും മരിച്ചു.
വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയനുമാണ് മരിച്ചത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രുപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു.















