തിരുവനന്തപുരം: സംസ്ഥാനത്ത് ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്‌ക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലെന്ന് മന്ത്രി വി.ശിൻകുട്ടി. വിദ്യാഭ്യാസം കച്ചവടമാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനാണ് ട്യൂഷൻ സെൻററുകൾ ഒഴിവാക്കുന്നത് പരിഗണിക്കുന്നത്. കളിക്കാനും പത്രം വായിക്കാനും പോലും കുട്ടികൾക്ക് സമയം ലഭിക്കുന്നില്ല.
എൻട്രൻസ് കോച്ചിംഗ് സെൻററുകൾ ലക്ഷങ്ങളാണ് രക്ഷിതാക്കളിൽ നിന്നും ഈടാക്കുന്നത്. പഠിക്കുന്ന കുട്ടികൾക്ക് ലക്ഷങ്ങൾ കൊടുത്തുള്ള കോച്ചിംഗ് ആവശ്യമില്ല. നമ്മുടെ അദ്ധ്യാപകർ നല്ല കഴിവുള്ളവരാണ്. കുട്ടികളെ ട്യൂഷന് വിട്ടാൽ മാത്രമേ ശരിയാകൂവെന്ന് ചില രക്ഷിതാക്കൾ കരുതുന്നതാണ് പ്രശ്നം. എൻട്രൻസ് കോച്ചിംഗ് സെന്ററുകൾക്ക് നടത്തേണ്ട എന്നു പറയുന്നില്ല. പക്ഷേ അതിനൊക്കെ ഒരു മര്യാദയും പരിധിയും പരിമിതിയും വേണം. ഇത് കേരളമാണ്.
പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് കോച്ചിങ്ങിന്റെ ആവശ്യമില്ല. ട്യൂഷന് ഈടാക്കുന്ന ഫീസ് സംബന്ധിച്ച് നിരവധി പരാതികൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. ഈ മേഖലയിൽ നിരവധി പ്രശ്നങ്ങളുമുണ്ടെന്നും അത് പിന്നീട് ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.















