അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിൽ തന്റെ അമ്മയ്‌ക്കും മകൾക്കും അപകടം സംഭവിച്ചെന്നും അവരെ കാണാനില്ലെന്നും യുവാവ്. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീയെയും ചെറുമകളെയുമാണ് കാണാതായത്. അപകടസമയം ഇവർ മെസ്സിൽ ഉണ്ടായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
ഹോസ്റ്റൽ കാന്റീൻ ജീവനക്കാരിയായ ഷാർലബെൻ താക്കുറിനെയും രണ്ടുവയസുകാരിയായ പേരക്കുട്ടിയെയുമാണ് കാണാനില്ലാത്തത്. എംബിബിഎസ് വിദ്യാർത്ഥികൾക്കും പ്രൊഫസർമാർക്കും വേണ്ടി ഉച്ചഭക്ഷണം പാചകം ചെയ്യുന്നതും ഇവരാണ്. ഇരുവരും മരണപ്പെട്ടിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മൃതദേഹം കണ്ടെത്തുന്നതിന് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
സിവിൽ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചാൽ മാത്രമേ വ്യക്തമാവുകയുള്ളു.
എല്ലാ ദിവസത്തെയും പോലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം കൊടുക്കാൻ അമ്മ പോയിയെന്നും താനാണ് അവരെ ഹോസ്റ്റലിൽ വിട്ടതെന്നും മകൻ പറഞ്ഞു. എന്റെ അമ്മ ഇരുന്ന സ്ഥലം കത്തിനശിച്ചു. ഇന്നലെ രാത്രി മുഴുവൻ അവരെ അന്വേഷിച്ചു. പക്ഷേ കണ്ടെത്താനായില്ലെന്നും യുവാവ് പറഞ്ഞു.