കോഴിക്കോട്: സ്ത്രീകളുടെ ശുചിമുറിക്ക് സമീപം മൊബൈൽ ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട്, കുറ്റ്യാടി, അരീക്കരയിലാണ് സംഭവം. അരീക്കര സ്വദേശി അസ്ലം ആണ് പിടിയിലായത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ സ്ഥലത്തെ ശുചിമുറിയിലാണ് അതിക്രമം നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം. ഇവിടെ താമസിക്കുന്ന പെൺകുട്ടികളിലൊരാൾ ശുചിമുറിയിൽ പോയപ്പോൾ ജനാലയ്‌ക്ക് സമീപം മൊബൈൽ ക്യാമറയുമായി നിൽക്കുന്ന പ്രതിയെ കാണുകയായിരുന്നു. തുടർന്ന് പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. പിന്നീട് കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി ആരാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.