ലണ്ടൻ: 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജേതാക്കളായി ദക്ഷിണാഫ്രിക്ക. മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് പ്രോട്ടീസ് പട കിരീടവരൾച്ചയ്‌ക്ക് വിരാമമിട്ടത്. 27 വർഷത്തിനുശേഷം ദക്ഷിണാഫ്രിക്കൻ മണ്ണിലേക്കെത്തുന്ന ആദ്യ ഐസിസി കിരീടമാണിത്. ഓസീസ് ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. 207 പന്തിൽ 136 റൺസുമായി ടീമിനെ വിജയതീരത്തെത്തിച്ച എയ്ഡൻ മാർക്രമാണ് പ്രോട്ടീസിന്റെ വിജയശില്പി.
ക്യാപ്റ്റൻ തെംബ ബാവൂമയുടെ (66) ഇന്നിംഗ്‌സും ദക്ഷിണാഫ്രിക്കയ്‌ക്ക് കരുത്തുപകർന്നു. പരമ്പരയിൽ 9 വിക്കറ്റുകൾ നേടിയ കാഗിസോ റബാഡയും വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
നാലാം ദിനം രണ്ടിന് 213 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിംഗ് ആരംഭിച്ചത്. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നൽകി ബാവുമ മടങ്ങിയെങ്കിലും എയ്‌ഡൻ മാർക്രം ഉറച്ചുനിന്നു. പിന്നാലെ എത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് 8 റൺസ് എടുത്ത് പുറത്തായി. സെഞ്ച്വറി നേടിയ മാര്‍ക്രം വിജയത്തിനരികെ വീണെങ്കിലും ഡേവിഡ് ബെഡിംഗ്ഹാം – കെയ്ല്‍ വെറെയ്‌നെ സഖ്യം ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു.















