കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ ഒളിവിൽ പോയ പൊലീസ് ഉദ്യോഗസ്ഥന്റെ പാസ്പോർട്ട് അന്വേഷണസംഘം പിടിച്ചെടുത്തു. പൊലീസ് കൺട്രോൾറൂമിലെ ഡ്രൈവറായ കെ ഷൈജിത്തിന്റെ പാസ്പോർട്ടാണ് പൊലീസ് പിടിച്ചെടുത്തത്. കേസിന് പിന്നാലെ ഒളിവിൽപോയ മറ്റൊരു ഡ്രൈവർ സനിത്തിന് വേണ്ടിയും തെരച്ചിൽ പുരോഗമിക്കുകയാണ്.
പെൺവാണിഭക്കേസിലെ മുഖ്യപ്രതിയായ ബിന്ദുവുമായി പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ ഇവരുമായി സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ബിന്ദുവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്.
ഫ്ലാറ്റെടുത്താണ് ബിന്ദു പെൺവാണിഭം നടത്തിയിരുന്നത്. റെയ്ഡിൽ ഒമ്പത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് ജാമ്യം ലഭിച്ചിരുന്നു. രണ്ട് പൊലീസുകാരെ ഉൾപ്പെടെ മൂന്ന് പേരെയാണ് കേസിൽ പ്രതിചേർത്തത്. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച മലാപ്പറമ്പിലെ ഫ്ലാറ്റിൽ നിന്നാണ് പെൺവാണിഭ സംഘത്തെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നടത്തിപ്പുകാരിയായ വയനാട് ഇരുളം സ്വദേശി ബിന്ദുവടക്കം ഒമ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്. ദിവസവും ലക്ഷങ്ങളാണ് ഇവരുടെ വരുമാനമെന്നാണ് വിവരം.