റായ്‌പൂർ: ഛത്തീസ്ഗഢ് മദ്യ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഭവനും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇഡി നടപടിക്ക് പിന്നാലെ മുൻ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് രംഗത്തെത്തി. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
സുക്മയിലെ കോൺഗ്രസ് ഭവൻ ഉൾപ്പെടെ 6.15 കോടി രൂപയുടെ മൂന്ന് വസ്തുവകകൾ അന്വേഷണ ഏജൻസി കണ്ടുകെട്ടിയതായി റിപ്പോർട്ടുകൾ പറയുന്നു. മുൻ എക്സൈസ് മന്ത്രി കവാസി ലഖ്മയുടെയും മകൻ ഹരീഷ് കവാസിയുടെയും പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്.
ഛത്തീസ്ഗഢിലെ മുൻ എക്സൈസ് മന്ത്രിയായിരുന്ന കവാസി ലഖ്മ മദ്യക്കച്ചവടത്തിൽ നിന്ന് പ്രതിമാസം രണ്ട് കോടി രൂപ വീതം കൈപ്പറ്റിയതായി ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 36 മാസത്തിനുള്ളിൽ 72 കോടി രൂപയാണ് ഈ അഴിമതിയിലൂടെ ലഭിച്ചത്. 2019 നും 2022 നും ഇടയിൽ നടന്ന മദ്യക്കച്ചവടത്തിലെ അഴിമതി സംസ്ഥാന ഖജനാവിന് വൻ നഷ്ടമുണ്ടാക്കുകയും 2161 കോടിയിലധികം രൂപ അഴിമതിയിലൂടെ നേടിയെടുത്തതായും ഏജൻസി കണ്ടെത്തി.