ഭുവനേശ്വർ: ഒഡീഷയിൽ നദിയിൽ കുളിക്കാനിറങ്ങിയ സ്ത്രീ മുതലയുടെ ആക്രമണത്തിൽ മരിച്ചു. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. 45 വയസ്സുള്ള സ്ത്രീയെയാണ് മുതല ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഭിതാർകനിക ദേശീയ ഉദ്യാനത്തിന് സമീപമുള്ള രാജ്‌നഗർ ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള തൻലാഡിയ ഗ്രാമത്തിലാണ് സംഭവം. ഖരസോട്ട നദിയിൽ കുളിക്കുന്നതിനിടെ സ്ത്രീയുടെ കാലിൽ കടിച്ച മുതല ഇവരെ നദിയുടെ ആഴമുള്ള ഭാഗത്തേയ്‌ക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെത്തുകയായിരുന്നു.
മരണപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുകയായി 10 ലക്ഷം രൂപ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇതാദ്യമായല്ല ദേശീയോദ്യാനത്തിന് സമീപ പ്രദേശങ്ങളിലുള്ള നദികളിലിറങ്ങുന്നവരെ മുതല ആക്രമിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 11 പേർക്കാണ് മുതലയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.