വിരാട് കോഹ്ലിയും രോഹിത് ശർമയും ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ നായകന്റെ കാര്യത്തിൽ വലിയ ചർച്ചകൾ ഉയർന്നിരുന്നു. പല പേരുകളും പരിഗണിക്കപ്പട്ടിരുന്നു. അതിൽ ഏറ്റവും മുൻപന്തിയിൽ കേട്ടൊരു പേര് പേസർ ജസ്പ്രീത് ബുമ്രയുടേതാണ്. ഒടുവിൽ ക്യാപ്റ്റനായത് ശുഭ്മാൻ ഗില്ലും. ജസ്പ്രീത് ബുമ്രയെ പരിഗണിച്ചില്ലെന്നും അദ്ദേഹത്തിന് മനഃപൂർവം ക്യാപ്റ്റൻ സ്ഥാനം നൽകിയില്ലെന്നുമൊക്കെ ചർച്ചകളും വിവാദങ്ങളുമുണ്ടായി. എന്നാലിപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ബുമ്ര.
“ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് താൻ ബിസിസിഐയോട് വ്യക്തമാക്കിയിരുന്നതായി ബുമ്ര തന്നെ വെളിപ്പെടുത്തി. അവർ ക്യാപ്റ്റനാകാൻ എന്നെ പരിഗണിക്കുന്നുണ്ടായിരുന്നു. എന്നാൽ എനിക്ക് നോ പറയേണ്ടി വന്നു. കാരണം അഞ്ചു ടെസ്റ്റ് കളിക്കുമ്പോൾ അതിൽ മൂന്നെണ്ണത്തിൽ ഒരാളും ശേഷിക്കുന്ന രണ്ടെണ്ണത്തിൽ ടീമിനെ മറ്റൊരാളും നയിക്കുന്നത് ശരിയല്ലല്ലോ! ഞാൻ ടീമിനാണ് മുൻഗണന നൽകുന്നത്”.
“അഞ്ചു ടെസ്റ്റുകളിലും കളിക്കാനാകാത്തതിനാൽ നേതൃപദവിയിലേക്ക് എന്നെ പരിഗണിക്കേണ്ടതില്ലെന്ന് ബിസിസിഐയോട് വ്യക്തമാക്കിയിരുന്നു. എന്നെ ക്യാപ്റ്റനാക്കാത്തതിന് പിന്നിൽ വലിയ ഫാൻസി കഥകളോ വിവാദമോ ഇല്ല! ബുമ്രയെ ലിസ്റ്റിൽ നിന്ന് പുറത്താത്തി പരിഗണിച്ചില്ല, അത്തരം തലവാചകങ്ങളും ഇതിന് പിന്നിൽ ഇല്ല. വിരാടും രോഹിത്തും വിരമിക്കുന്നതിന് മുൻപ് തന്നെ ഞാൻ എന്റെ ജോലിഭാരത്തെ കുറിച്ച് ബിസിസിഐമായി സംസാരിച്ചിരുന്നു.
എന്ന ചികിത്സിച്ചവരുമായി സംസാരിച്ചതിന് ശേഷമാണ് ജോലിഭാരത്തെക്കുറിച്ചും ക്യാപ്റ്റൻസിയെക്കുറിച്ചും ബിസിസിഐയുമായി സംസാരിച്ചത്. എനിക്ക് ക്യാപ്റ്റൻസിയേക്കാളും ഏറെയിഷ്ടം ക്രിക്കറ്റിനോടാണ്. ഒരു പ്ലെയർ എന്ന നിലയിലും ക്രിക്കറ്റർ എന്ന നിലയിലും ടീമിന് ഏറെ സംഭാവന നൽകണം”—- ബുമ്ര ദിനേശ് കാർത്തിക്കുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.















