ഗുവാഹത്തി: വർഗീയ കലാപത്തിന് ശ്രമിച്ച സംഭവത്തിൽ 30 പേരെ അറസ്റ്റ് ചെയ്ത് അസം പൊലീസ്. ലഖിംപൂർ, ദുബ്രി തുടങ്ങിയ ജില്ലകളിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. ലഖിംപൂരിൽ നിന്ന് അഞ്ച് പേരെയും ദുബ്രിയിൽ നിന്നും 25 പേരെയുമാണ് അറസ്റ്റ് ചെയ്തത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇക്കാര്യം അറിയിച്ചത്.
വിഷയം ഗുരുതരമാണെന്നും സംഭവത്തിൽ തുടർനടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദുബ്രിയിൽ വലിയ സംഘാർഷവസ്ഥയാണ് നിലനിൽക്കുന്നത്. ദുബ്രിയിലെ പ്രാർത്ഥനാഹാളിന് സമീപം പശുക്കളുടെ തല കണ്ടെത്തിയതിനെ പിന്നാലെയാണ് സംഘർഷങ്ങൾ ഉടലെടുത്തത്. അസമിലെ ലഖിംപൂർ ജില്ലയിലും രണ്ട് വിഭാഗം ആളുകൾ തമ്മിലടിച്ചു. പ്രാർത്ഥനാ ഹാളിന്റെ വിശുദ്ധി നശിപ്പിക്കാനായി ഒരു വിഭാഗം ആളുകൾ മനഃപൂർവ്വം ഈ പ്രവൃത്തി ചെയ്തതായി പ്രദേശവാസികൾ ആരോപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.
വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ അഞ്ച് പേരെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരും അറസ്റ്റിലായി. മൻസൂർ അലി, സാഹ അലി, ദിലുവാൾ ഹുസൈൻ, അബു കലാം, ജാഹിദുർ ഇസ്ലാം, റെജക് അലി എന്നിവരാണ് പിടിയിലായത്. ഇതിൽ മൻസൂർ അലിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്ന് കന്നുകാലികളുടെ തലയോട്ടിയും കണ്ടെടുത്തു.















