ആൻഡേഴ്സൺ- ടെൻഡുൽക്കർ പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് വിട്ടു. 15 ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 54 റൺസ് എന്ന നിലയിലാണ് ഇന്ത്യ. എയർ ഇന്ത്യ വിമാനം തകർന്നു വീണ് ജീവൻ നഷ്ടമായവർക്ക് ആദരവ് അറിയിച്ച് കറുത്ത ആം ബാൻഡുകൾ അണിഞ്ഞാണ് ഇരു ടീമിലെയും താരങ്ങൾ കളത്തിലിറങ്ങിയത്. ഓപ്പണർമാരായ യശസ്വി ജയ്സ്വാളും (29*) കെ.എൽ രാഹുലും(24*) കരുതലോടെയാണ് ക്രീസിൽ തുടരുന്നത്.
അതേസമയം എട്ടുവർഷത്തിന് ശേഷമാണ് കരുൺ നായർ ഇന്ത്യയുടെ വെള്ളക്കുപ്പായത്തിലേക്ക് മടങ്ങിയെത്തുന്നത്. അരങ്ങേറ്റക്കാരൻ സായ് സുദർശന് ചേതശ്വർ പൂജാരയാണ് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്. അഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ് ഇരുവർക്കും ടെസ്റ്റ് ടീമിലേക്ക് വഴി തുറന്നത്.
മൂന്നാം സ്ഥാനത്താകും സായ് സുദർശൻ ബാറ്റ് ചെയ്യുക. കരുൺ ആറാം നമ്പരിലും. കുൽദീപ് യാദവിനെ പുറത്തിരുത്തിയ ഇന്ത്യ ജഡേജയെ മാത്രമാണ് ഇലവനിൽ ഉൾപ്പെടുത്തിയത്. ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ശർദൂൽ താക്കൂറുമാണ് പേസർമാർ.















