ടെഹ്റാൻ: ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ ഇസ്രയേലിനെ പിന്തുണച്ച് യുഎസ് യുദ്ധത്തിനിറങ്ങിയാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി ഇറാൻ. ഇത് രണ്ടാം തവണയാണ് യുഎസിന് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തുന്നത്. ഇറാൻ പാർലമെന്ററി ദേശീയ സുരക്ഷ കൗൺസിൽ മേധാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്ക യുദ്ധത്തിനിറങ്ങിയാൽ അമ്പരിപ്പിക്കുന്ന മറുപടിയായിരിക്കും ഉണ്ടാവുകയെന്നും പിന്നീട് രാജ്യം ഒരിക്കലും സുരക്ഷിതമായിരിക്കില്ലെന്നുമാണ് മുന്നറിയിപ്പ്. അതേസമയം, ഇറാനും ഇസ്രയേലും തമ്മിലുള്ള കനത്ത സംഘർഷം തുടരുകയാണ്. ഹൈഫയിലും ടെൽഅവീവിലും ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി.
ടെൽഅവീവിലെ സൊറോക്ക ആശുപത്രിക്ക് സമീപം നടന്ന ഇറാൻ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ആവശ്യപ്പെട്ടു.
ഇസ്രയേൽ – ഇറാൻ ആക്രമണങ്ങളിൽ ഇടപെടണോ വേണ്ടയോയെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വരുന്ന ദിവസങ്ങൾക്കുള്ളിൽ തീരുമാനിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.















