ബെംഗളൂരു: പാസ്‌പോർട്ടിന് അപേക്ഷിക്കാൻ സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമോ ഒപ്പോ ആവശ്യമില്ലെന്നും ഭർത്താവിന്റെ സമ്മതം വേണമെന്ന് നിർബന്ധം പിടിക്കുന്നത് “പുരുഷ മേധാവിത്വത്തിന്റെ” ഉദാഹരണമാണെന്നും മദ്രാസ് ഹൈക്കോടതി. പുതിയ പാസ്‌പോർട്ട് നൽകാൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീ സമർപ്പിച്ച ഹർജി പരിഗണിക്കവയെയാണ് കോടതിയുടെ നിരീക്ഷണം.
ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന യുവതിക്ക് പാസ്പോർട്ട് നൽകാൻ ഭർത്താവിന്റെ അനുമതി വേണമെന്ന പാസ്പോർട്ട് ഓഫീസിന്റെ നിർബന്ധം ഞെട്ടിപ്പിക്കുന്നതാണെന്നും ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷിന്റെ ബെഞ്ച് പറഞ്ഞു. “വിവാഹിതരായ സ്ത്രീകളെ ഭർത്താവിന്റെ സ്വത്തായി കണക്കാക്കുന്ന സമൂഹത്തിന്റെ മനോഭാവമാണ് ഇത് കാണിക്കുന്നത്,” കോടതി പറഞ്ഞു.
ഏപ്രിലിൽ പാസ്‌പോർട്ടിന് അപേക്ഷിച്ചെങ്കിലും അപേക്ഷ പരിഗണിച്ചില്ലെന്നും ഫോം-ജെയിൽ ഭർത്താവിന്റെ ഒപ്പ് വാങ്ങണമെന്നും അതിനുശേഷം മാത്രമേ ചെന്നൈ ആർപിഒ അപേക്ഷ പരിഗണിക്കൂ എന്നും ഓഫീസ് അറിയിച്ചതായി രേവതി എന്ന സ്ത്രീ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അറിയിച്ചു.
2023-ൽ ഹർജിക്കാരി വിവാഹിതയായി. ഇരുവരും തമ്മിൽ പ്രശ്‍നങ്ങൾ നിലനിന്നിരുന്നു. ഇതിനെത്തുടർന്ന് ഭർത്താവ് പ്രാദേശിക കോടതിയിൽ വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തു. ഇത് പരിഗണനയിൽ ഇരിക്കവെയാണ് യുവതി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നത്. എന്നാൽ ഭർത്താവിന്റെ ഒപ്പ് വേണമെന്ന നിലപാടിൽ പാസ്പോർട്ട് ഓഫീസ് ഉറച്ചുനിൽക്കുകയായിരുന്നു.
വിവാഹശേഷം ഹർജിക്കാരിയുടെ വ്യക്തിത്വം നഷ്ടപ്പെടുന്നില്ലെന്നും ഭർത്താവിന്റെ അനുമതിയോ ഒപ്പോ ഇല്ലാതെ തന്നെ ഭാര്യക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കാമെന്നും ഹർജി പരിഗണിച്ച ജഡ്ജി പറഞ്ഞു. ഹർജിക്കാരി സമർപ്പിച്ച അപേക്ഷ പ്രോസസ്സ് ചെയ്യാനും നാല് ആഴ്ചയ്‌ക്കുള്ളിൽ അവരുടെ പേരിൽ പാസ്‌പോർട്ട് നൽകാനും കോടതി ആർപിഒയോട് നിർദ്ദേശിച്ചു.















