തിരുവനന്തപുരം: താലിബാനിസം പിണറായിയിൽ മുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്തെത്തി എന്നതിന്റെ തെളിവാണ് കണ്ണൂർ പിണറായിലെ SDPI സദാചാര ഗുണ്ടായിസമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. കേരളത്തിൽ സമാന്തര ഭരണം നടക്കുന്നതിന്റെ തെളിവ് തന്നെയാണ് ഇത്തരം സംഭവങ്ങൾ. പിണറായി ഭരണത്തിന്റെ കീഴിൽ താലിബാനിസം ശക്തിപ്രാപിക്കുന്നുവെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
ഒരു യുവാവുമായി സംസാരിച്ചതിന്റെ പേരിലാണ് കണ്ണൂരിലെ പറമ്പയിൽ യുവതി ആൾക്കൂട്ട വിചാരണ നേരിട്ടതും മനംനൊന്തത് ജീവനൊടുക്കിയതും. യുവാവിനെ അറസ്റ്റ് ചെയ്തു. എസ്ഡിപിഐ ഓഫീസിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു, വിചാരണചെയ്തു. ഇതൊക്കെ നടക്കുന്ന ഒരു സമാന്തരമായ താലിബാൻ ഭരണം കേരളത്തിലുണ്ട്. പഹൽഗാം കൂട്ടക്കൊലയ്‌ക്ക് ശേഷം കശ്മീരിൽ നടന്നത് നാളെ കേരളത്തിലും നടക്കും എന്നതിന്റെ തെളിവാണ് ആൾക്കൂട്ട വിചാരണയെ തുടർന്നുള്ള യുവതിയുടെ ആത്മഹത്യയെന്ന് കൃഷ്ണദാസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയത്. റസീന മൻസിലിൽ റസീനയെ (40) ആണ് ചൊവ്വാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് എസ്.ഡി.പി.ഐക്കാർ അറസ്റ്റിലായി. റസീന ആൺസുഹൃത്തിനോട് സംസാരിച്ചു നിൽക്കുന്നത്കണ്ട പ്രതികൾ ഇവരെ ചോദ്യം ചെയ്യുകയും റസീനയെ ഭീഷണിപ്പെടുത്തി വീട്ടിലേക്ക് അയക്കുകയുമായിരുന്നു. ശേഷം ആൺസുഹൃത്തിനെ എസ്ഡിപിഐ ഓഫീസിലേക്ക് കൂട്ടികൊണ്ടുപോയി മർദ്ദിക്കുകയും ചെയ്തു.















