വാഷിംഗ്‌ടൺ: ഇസ്രേയേൽ -ഇറാൻ സംഘർഷത്തിനിടയിൽ ഇറാനെ നേരിട്ട് ആക്രമിച്ച് അമേരിക്ക. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളെ അമേരിക്കൻ യുദ്ധവിമാനങ്ങൾ ബോംബിട്ട് തകർത്തതായി ട്രംപ് സ്ഥിരീകരിച്ചു. ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്കൻ സേന വ്യോമാക്രമണങ്ങൾ നടത്തിയത്.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ആയുധകേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രേയേൽ നടത്തുന്ന ഒരാഴ്ചയിലേറെ നീണ്ട ആക്രമങ്ങൾക്കിടയിലാണ് ഇതാദ്യമായി യുഎസിന്റെ നേരിട്ടുള്ള സൈനിക ഇടപെടലുണ്ടാകുന്നത്. ആക്രമണത്തിനുശേഷം തന്റെ സമൂഹമാധ്യമ പേജായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ, ദൗത്യം പൂർത്തീകരിച്ചതായി ട്രംപ് സ്ഥിരീകരിച്ചു.
“ഇറാനിലെ ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നിവയുൾപ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഞങ്ങൾ വളരെ വിജയകരമായി ആക്രമണം പൂർത്തിയാക്കി. എല്ലാ വിമാനങ്ങളും ഇപ്പോൾ ഇറാൻ വ്യോമാതിർത്തിക്ക് പുറത്താണ്. പ്രാഥമിക സൈറ്റായ ഫോർഡോയിൽ ബോംബുകളുടെ ഒരു പൂർണ്ണ പേലോഡ് വർഷിച്ചു. എല്ലാ വിമാനങ്ങളും സുരക്ഷിതമായി രാജ്യത്തേക്ക് മടങ്ങുകയാണ്.”
“നമ്മുടെ ധീരരായ അമേരിക്കൻ യോദ്ധാക്കൾക്ക് അഭിനന്ദനങ്ങൾ. ലോകത്ത് മറ്റൊരു സൈന്യത്തിനും ഇത് ചെയ്യാൻ കഴിയുമായിരുന്നില്ല. ഇപ്പോൾ സമാധാനത്തിനുള്ള സമയമാണ്! ,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരായ സൈനിക നടപടിയെക്കുറിച്ച് വൈറ്റ് ഹൗസിൽ രാത്രി 10:00 മണിക്ക് രാഷ്‌ട്രത്തെ അഭിസംബോധനചെയ്യുമെന്ന് ട്രംപ് അറിയിച്ചു. അമേരിക്കയ്‌ക്കും ഇസ്രയേലിനും ഇതൊരു ചരിത്ര നിമിഷമാണെന്നും ഇനിയെങ്കിലും ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ തയാറാകണമെന്നും അമേരിക്കൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.
ആക്രമണങ്ങൾ നടത്താൻ രണ്ട് ബി2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വെടിക്കോപ്പുകൾ യുഎസ് ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ഓപ്പറേഷന് തലേദിവസം രാത്രി ഫോൺ കോളിലൂടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആക്രമണങ്ങളെക്കുറിച്ച് നേരിട്ട് അറിയിച്ചതായി യുഎസ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.















