ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള ഭീകരർക്ക് അഭയവും ആയുധങ്ങളും നൽകി സഹായിച്ച രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. പഹൽഗാമിലെ ബട്കോട്ട് സ്വദേശി പർവേയ്‌സ് അഹമ്മദ് ജോത്തർ, ഹിൽ പാർക്കിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തർ എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിൽ ഇരുവരും ആക്രമണത്തിൽ ഉൾപ്പെട്ട മറ്റ് മൂന്ന് ലഷ്കർ ഈ തൊയ്‌ബ ഭീകരരുടെ പേരുകളും വെളിപ്പെടുത്തി. ആക്രമണത്തിന് മുമ്പ് പർവൈസും ബഷീറും ഹിൽ പാർക്കിലെ ഒരു സീസണൽ ധോക്കിൽ (കുടിലിൽ) മൂന്ന് ആയുധധാരികളായ ഭീകരർക്ക് അറിഞ്ഞുകൊണ്ട് അഭയം നൽകിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ 19 പ്രകാരമാണ് ഇരുവരെയും തീവ്രവാദ വിരുദ്ധ ഏജൻസി അറസ്റ്റ് ചെയ്തത്. ഏപ്രിൽ 22 ന്, പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ നിരപരാധികളായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേർക്ക് ജീവൻ നഷ്ടമായി. ഇതിനു പിന്നാലെ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താനിലെ 9 ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടി നൽകി.















