ഭുവനേശ്വർ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടക്കുകയും അനധികൃതമായി താമസിക്കുകയും ചെയ്ത സംഭവത്തിൽ അഫ്ഗാൻ പൗരൻ അറസ്റ്റിൽ. മുഹമ്മദ് യൂസഫാണ് അറസ്റ്റിലായത്. ഭുവനേശ്വർ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 2018 മുതൽ ഇയാൾ ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
യൂസഫ് ഹാജരാക്കിയ രേഖകളിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു സംഭവം പുറത്തറിഞ്ഞത്. കട്ടക്കിലെ പെറ്റിൻമതി പ്രദേശത്താണ് ഇയാൾ താമസിച്ചിരുന്നത്. വ്യാജരേഖകൾ ഉപയോഗിച്ച് ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, ഗ്യാസ് കണക്ഷൻ എന്നിവ ഉൾപ്പെടെ ഇയാൾ ഉണ്ടാക്കിയിട്ടുണ്ട്.
അറസ്റ്റിന് പിന്നാലെ ഇയാളുടെ താമസസ്ഥലത്ത് എൻഐഎ പരിശോധന നടത്തി. പരിശോധനയിൽ വ്യാജ തിരിച്ചറിയൽ രേഖകൾ, വിദേശ കറൻസി, സ്വർണാഭരണങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
വ്യാജരേഖകൾ ഉപയോഗിച്ച് ഇയാൾ വിദേശത്തേക്ക് യാത്ര ചെയ്തതായും എൻഐഎ കണ്ടെത്തി. വ്യാജരേഖകൾ ചമയ്‌ക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണ്.















