ആലപ്പുഴ: രാസലഹരിയുമായി വീണ്ടും സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. കായംകുളം പുള്ളിക്കണക്ക് ഡിവൈഎഫ്ഐ മുൻ മേഖല കമ്മറ്റി അംഗവും സിപിഎം കുറ്റിത്തെരുവ് ബ്രാഞ്ച് കമ്മറ്റി അംഗവുമായ പ്രശാന്ത്, അഖിൽ അജയൻ എന്നിവരാണ് പിടിയിലായത്. 29 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും കണ്ടെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചാരുംമൂട് ഭാഗത്തു വച്ചാണ് ഇരുവരും പിടിയിലായത്. ഉപയോഗത്തിനും വിൽപ്പനയ്‌ക്കുമായി എത്തിച്ച എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പേർ ഇവരുടെ സംഘത്തിലുള്ളതായി സൂചന. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് നൂറനാട് സി.ഐ ശ്രീകുമാർ അറിയിച്ചു.
പാർട്ടി കുടുംബാംഗമാണ് മുഖ്യപ്രതി പ്രശാന്ത്. ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി അംഗവുമാണ് പ്രശാന്തിന്റെ സഹോദരൻ. ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകർ പിടിയിലാകുന്നത് ജില്ലയിൽ നിത്യ സംഭവമാണ്. അടുത്തിടെ ആലപ്പുഴ ബ്രാഞ്ച് സെക്രട്ടറിയും രാസലഹരിയുമായി പിടിയിലായിരുന്നു. ഒടുവിൽ ഉന്നത സിപിഎം നേതാക്കൾ ഇടപെട്ട് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു.