ലീഡ്സിലെ ചേസിംഗ് തങ്ങൾക്ക് അനായാസമെന്ന് ഒരിക്കൽ കൂടി ഇംഗ്ലണ്ട് തെളിയിച്ചപ്പോൾ ആൻഡേഴ്സൺ-ടെൻഡുൽക്കർ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം. നായകനായി അരങ്ങേറിയ ആദ്യ മത്സരം തോൽവിയോടെ തുടങ്ങാനായിരുന്നു ഗില്ലിന്റെ വിധി. സ്കോർ കാർഡ്- ഇന്ത്യ: 471 & 364, ഇംഗ്ലണ്ട്: 465 & 373/5. ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ ഒരു ഘട്ടത്തിൽ പോലും സമ്മർദത്തിലാക്കാൻ ഗില്ലിനും സംഘത്തിനുമായില്ല.
എന്നാൽ ഇംഗ്ലീഷ് നിരയുടെ ബാസ്ബോൾ തന്ത്രം ഇന്ത്യയെ വെള്ളം കുടിപ്പിച്ചു. ശർദൂൽ താക്കൂർ അടുത്തടുത്ത പന്തുകളിൽ ഡക്കറ്റിനെയും ബ്രൂക്കിനെയും വീഴ്‌ത്തിയെങ്കിലും ആതിഥേയർ പതറിയില്ല. ബാസ് ബോൾ ഗിയർ ഡൗൺ ചെയ്യാതെ മുന്നോട്ട് കുതിക്കുന്നതാണ് വീണ്ടും കണ്ടത്. സ്റ്റോക്സും റൂട്ടും ചേർന്ന് 49 റൺസിന്റെ പാർട്ണർഷിപ്പുണ്ടാക്കി. സ്റ്റോക്സ് വീണെങ്കിലും റൂട്ട് കുലുങ്ങിയില്ല. ജാമി സ്മിത്തിനെ കൂട്ടുപിടിച്ച് അഞ്ചുവിക്കറ്റുകൾ ശേഷിക്കെ ഇംഗ്ലണ്ടിനെ വിജയ തീരത്തടുപ്പിച്ചു.
ഓപ്പണർമാരായ സാക് ക്രോളി (65), ബെൻ ഡക്കറ്റ് (149) എന്നിവരുടെ ഇന്നിംഗ്സാണ് ഇംഗ്ലണ്ട് ജയത്തിന് അടിത്തറയിട്ടത്. ഇരുവരും ചേർന്ന് 188 റൺസാണ് ആദ്യ വിക്കറ്റിൽ ചേർത്തത്. റൂട്ടിന്റെ അർദ്ധശതകം ക്ലൈമാക്സിന്റെ ടെയ്ൽ പഞ്ചുമായി. 33 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റോക്സും വിജയത്തിന് നിർണായക സംഭാവന നൽകി. ജാമി സ്മിത്ത് 55 പന്തിൽ 44 റൺസ് നേടി ഇംഗ്ലണ്ട് വിജയം നേരത്തെയാക്കി. ഒരു ടീമിലെ അഞ്ചുപേർ സെഞ്ച്വറി നേടിയിട്ടും ആ ടീം തോൽക്കുന്നത് 148 വർഷത്തിലെ ചരിത്രത്തിലാദ്യമാണ്. ആ നാണക്കേടിന്റെ റെക്കോർഡും ഇന്ത്യ തലയിലേറ്റി.