ന്യൂഡൽഹി: ഇറാൻ- ഇസ്രയേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി 282 ഇന്ത്യക്കാരെ കുടി ഡൽഹിയിലെത്തിച്ചു. ഇന്ന് പുലർച്ചെയാണ് ഇന്ത്യക്കാരുമായി വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. ഇറാനിലെ മഷാദ് സിറ്റിയിൽ നിന്നുള്ള ഇന്ത്യക്കാരെയാണ് തിരികെ കൊണ്ടുവന്നത്.
ഇറാനിൽ നിന്നും ഇതുവരെ 2,858 പേരെ ഇന്ത്യയിൽ എത്തിച്ചു. സുരക്ഷിതമായി തങ്ങളെ തിരികെയെത്തിച്ചതിന് സർക്കാരിനോടും ഇറാനിലെ ഇന്ത്യൻ എംബസിയോടും നന്ദി അറിയിച്ചു.
നിലവിൽ ഇറാനിൽ സാഹചര്യങ്ങൾ സമാധാനകരമാണെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സ്ഥിതിഗതികൾ പഴയരീതിയിലേക്ക് വരുമെന്നും തിരികെ എത്തിയ ഇന്ത്യക്കാർ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഇറാനിൽ കുടുങ്ങിയ രണ്ട് നേപ്പാളി പൗരന്മാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ 281 ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നിരുന്നു. വിദേശകാര്യ സഹമന്ത്രി പാബിത്ര മാർഗരിറ്റയാണ് ഇവരെ സ്വീകരിച്ചത്. ഇറാന്റെ സംഘർഷമേഖലകളിൽ അകപ്പെട്ട ബാക്കി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.