താൻ ബിസിസിഐ പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ അന്നത്തെ ബോർഡ് സെക്രട്ടറിയും ഇപ്പോഴത്തെ ഐസിസി ചെയർമാനുമായ ജയ് ഷായ്‌ക്കൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവച്ച് സൗരവ് ഗാംഗുലി. ശാഠ്യവും, കാർക്കശ്യവും നിറഞ്ഞ സ്വഭാവമാണ് ജയ് ഷായിൽ നിന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ സത്യസന്ധതയും കാര്യങ്ങൾ ശരിയായി ചെയ്യാനുള്ള ദൃഢനിശ്ചയവും തന്റെ തെറ്റിദ്ധാരണകൾ മാറ്റിയെന്ന് ഗാംഗുലി പറഞ്ഞു. 2019 ഒക്ടോബർ മുതൽ 2022 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഗാംഗുലിയും ജയ് ഷായും ബിസിസിഐയിൽ സഹപ്രവർത്തകരായിരുന്നു.
“കാര്യങ്ങൾ ചെയ്യുന്നതിന് അദ്ദേഹത്തിന് തന്റേതായ രീതികളുണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തെക്കുറിച്ചുള്ള ഏറ്റവും മികച്ച കാര്യം ഇന്ത്യൻ ക്രിക്കറ്റിനായി കാര്യങ്ങൾ ശരിയായി ചെയ്യണമെന്നതായിരുന്നു,” വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സൗരവ് ഗാംഗുലി പറഞ്ഞു.
“അദ്ദേഹം ഒരു ശക്തനായ നേതാവിന്റെ മകനാണ് അപ്പോൾ സ്വാഭാവികമായും നമ്മൾ ആ കാർക്കശ്യവും ശാഠ്യവും അദ്ദേഹത്തിലും പ്രതീക്ഷിക്കിക്കും എന്നാൽ അതൊരു തെറ്റിദ്ധാരണ മാത്രമായിരുന്നു. അദ്ദേഹം കളിക്കാരെ വളരെയധികം പിന്തുണയ്‌ക്കുന്ന ആളാണ്. പഠിക്കുന്തോറും അദ്ദേഹം മെച്ചപ്പെട്ടു. ജയ് ഷായെക്കുറിച്ചുള്ള നല്ല കാര്യം, ക്രിക്കറ്റിനുവേണ്ടി നല്ലത് ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചു എന്നതാണ്” ഗാംഗുലി പറഞ്ഞു.
2024 നവംബർ വരെ ബിസിസിഐ സെക്രട്ടറിയായിരുന്ന ജയ് ഷാ തുടർന്ന് തന്റെ 36-ാം വയസിൽ ഐസിസിയുടെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനായി ചുമതലയേറ്റു.















