കൊച്ചി: നിരോധിത ഭീകര സംഘടനയായ പിഎഫ്ഐയുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ അധികവും ആർഎസ്എസ്-ബിജെപി നേതാക്കളെന്ന് എൻഐഎ. ഹിന്ദു ഐക്യവേദി നേതാക്കളായ വത്സൻ തില്ലങ്കേരിയുടെയും കെ. പി ശശികല ടീച്ചറുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പട്ടികയിൽ ഉൾപ്പെട്ട റിട്ട. ജഡ്ജി ആലുവ സ്വദേശിയാണ്. രണ്ട് ആലുവ സ്വദേശികൾ കൂടി ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
പിഎഫ്ഐക്ക് സർവീസ് വിംഗ്, റിപ്പോർട്ടേഴ്സ് വിംഗ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങുണ്ട്. കൊല്ലാനുള്ളവരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് റിപ്പോർട്ടേഴ്സാണ്. ആയുധ പരിശീലനം ലഭിച്ചവരാണ് സർവീസ് വിംഗ്. റിപ്പോർട്ടേഴ്സ് നൽകുന്ന വിവരം അനുസരിച്ചാണ് സർവീസ് വിംഗ് കൊലപാതകം ആസൂത്രണം ചെയ്യുന്നത്. ആലുവ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രധാന പ്രവർത്തനം.
റിപ്പോർട്ടേഴ് വിംഗ് 36 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി തയ്യാറാക്കും. കൃത്യം എങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് ചോദ്യങ്ങളെന്ന് എൻഐഎ വ്യക്തമാക്കി. ഉപയോഗിക്കാൻ പോകുന്ന വാഹനം, ആയുധം, പിടിക്കപ്പെട്ടാലുള്ള പ്രതികരണം, ഒളിത്താവളം, കൊലപാതകത്തിന് ശേഷം ആദ്യം ആരെ വിളിക്കും എന്നിവ ഇതിലുണ്ടാകും. തുടർന്നാണ് നിഷ്ഠൂരമായ കൊലപാതകത്തിനുള്ള പരിശീലനം. പാലക്കാട്ടെ ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന ശ്രീനിവാസന്റെ കൊലപാതകം ഇതേ പദ്ധതി പ്രകാരമായിരുന്നുവെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
2022 സെപ്തംബറിൽ സംസ്ഥാന വ്യാപകനായി നടത്തിയ റെയ്ഡിൽ പ്രമുഖ നേതാക്കൾ ഉൾപ്പെടെ 250 ഓളം പിഎഫ്ഐ അംഗങ്ങൾ അറസ്റ്റിലായി. നിരോധനത്തിന് ശേഷം രണ്ടാം നിര നേതാക്കൾ സമൂഹ മാദ്ധ്യമങ്ങളിലെ ക്ലോസ്ഡ് ഗ്രൂപ്പ് വഴി സജീവപ്രവർത്തനം തുടർന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നുമാണ് ഇവർക്ക് പ്രധാനമായും ഫണ്ട് എത്തുന്നത്. ചാരിറ്റി എന്ന പേരിലും ഹവാലയായും പണവും ഇവരിലേക്ക് എത്തുന്നുണ്ട്. ഈ ഫണ്ട് ഉപയോഗിച്ചാണ് ആലുവയിലെ പെരിയാർ വാലിയിലെ ആയുധ പരിശീലനമെന്നും എൻഐഎ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ വനമേഖല കേന്ദ്രീകരിച്ചും ആയുധ പരിശീലനം നടന്നതിന് തെളിവുകളുണ്ടെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.