തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമാകില്ലെന്ന നിലപാട് വിദ്യാർത്ഥി വിരുദ്ധമെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ. എബിവിപിയുടെ തുടർച്ചയായ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് ഈ ചർച്ച വിളിച്ചത്. വിദ്യാർത്ഥി സംഘടനകളുമായി നടന്ന ചർച്ചയിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്ന പദ്ധതി നടപ്പിലാക്കണം എന്ന് എബിവിപി ആവശ്യപ്പെട്ടു.
ഇന്ന് കേരളത്തിന്റെ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും അടങ്ങുന്ന പൊതു സമൂഹത്തിന് പിഎം ശ്രീ പദ്ധതിയുടെ പ്രാധാന്യവും അതിൽ ചേരേണ്ട ആവശ്യകതയും ബോധ്യപ്പെട്ടു. കേരളത്തിലെ 330 ലധികം സ്‌കൂളുക്കളുടെ അടിസ്ഥാന സൗകര്യങ്ങളും പതിനായിരത്തിലധികം വിദ്യാർത്ഥികളുടെ വിദ്യാഭ്യസ നിലവാരവും ഉയർത്തുന്ന പദ്ധതിയാണ് പിഎം ശ്രീ.
ഈ പദ്ധതിയിൽ ഒപ്പുവച്ചാൽ അംഗമാകുന്ന ഓരോ സ്കൂളിനും വർഷാവർഷം 1 കോടിക്കടുത്ത് ഗ്രാൻ്റ് ലഭിക്കും. തികച്ചും രാഷ്‌ട്രീയ താത്പര്യം മുന്നിൽ വച്ചുകൊണ്ടാണ് സർക്കാർ ഈ പദ്ധതിയിൽ ഒപ്പ് വയ്‌ക്കാത്തത്. ഏപ്രിൽ 18ന് എബിവിപി പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയെ കണ്ടപ്പോൾ പദ്ധതിക്ക് എതിര് നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതായി മന്ത്രി അറിയിച്ചിരുന്നു.
ഇന്ന് മുൻനിലപാടിൽ നിന്ന് മലക്കം മറിഞ്ഞുകൊണ്ട് പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വയ്‌ക്കില്ല എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഇന്ന് വിളിച്ച ചർച്ചയിൽ എസ്എഫ്ഐയുടെ നാവായി മന്ത്രി മാറി. എസ്എഫ്ഐ, കെഎസ് യു ഉൾപ്പടെയുള്ള ഇതര വിദ്യാർത്ഥി സംഘടനകൾ പദ്ധതിയെ എതിർത്തത് വഴി അവരുടെ വിദ്യാർത്ഥി വിരുദ്ധ നിലപാട് തുറന്ന് കാണിച്ചു. പിഎം ശ്രീ പദ്ധതി കേരളത്തിലെ വിദ്യാർത്ഥികൾക്ക് വേണമെന്നും അതിൽ ഒപ്പുവയ്‌ക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.