തിരുവനന്തപുരം: എസ്എഫ്ഐ കെ.എസ്.യു സംഘടനകളുടെ പ്രതിഷേധത്തിന് പുല്ലുവില നൽകി കേരള സർവകലാശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി, വിളക്കു കൊളുത്തി ഗവർണർ രാജേന്ദ്ര അർലേക്കർ. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് സെനറ്റ് ഹാളിൽ ശ്രീപത്മനാഭ സേവാസമിതിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ ഭാരതാംബയുടെ ചിത്രം വച്ചതിന് പിന്നാലെയാണ് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തുവന്നത്.
സംഘാടക സമിതി ചിത്രം മാറ്റില്ലെന്ന് നിലപാടെടുത്തതോടെ എസ്എഫ്ഐ സംഘർഷത്തിന് ആസൂത്രണം ചെയ്തു. ഗവർണറെ സെനറ്റ് ഹാളിൽ പ്രവേശിപ്പിക്കില്ലെന്നും നിലപാടെടത്തു. ഇന്നാൽ ഇവരുടെ പ്രതിഷേധം വകവയ്‌ക്കാതെ ഗവർണർ നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ഭാരത് മാതാ കി ജയ് വിളികളോടെയാണ് ഗവർണറെ കാണികൾ വേദിയിലേക്ക് ആനയിച്ചത്. ഇതും എസ്.എഫ്.ഐക്കാരെ ചൊടിപ്പിക്കുകയായിരുന്നു. ഇതോടെ പൊലീസിന്റെ മൗനാനുവാദത്തോടെ സ്ഥലത്ത് സംഘർഷം അഴിച്ചുവിടുകയായിരുന്നു.
പ്രതിഷേധക്കാർ യൂണിവേഴ്സിറ്റിക്ക് മുന്നിൽ തമ്പടിച്ചെങ്കിലും ഉദ്ഘാടനത്തിന് ശേഷം ഗവർണർ മടങ്ങി പോയി.















