തെന്നിന്ത്യൻ നടൻ ശ്രീകാന്ത് ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ പ്രതിയാകുമെന്ന് മനസിലായതോടെ മറ്റൊരു തമിഴ് നടൻ ഒളിവിൽ. കൃഷ്ണ എന്ന നടനാണ് അറസ്റ്റ് പേടിച്ച് ഒളിവിൽ പോയത്. ഇയാൾക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനിരിക്കെയാണ് മുങ്ങിയത്. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ചെന്നൈ പൊലീസ് നടനെ കണ്ടെത്താൻ അഞ്ചുപേരടങ്ങുന്ന ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് തമിഴ് സിനിമ ലോകം. ഇതിന് പിന്നാലെയാണ് മറ്റൊരു നടനും പിടിയിലാകുമെന്ന സൂചന വന്നത്.
എഐഎഡിഎംകെയുടെ ഐടി വിഭാഗത്തിൽ മുൻപ് പ്രവർത്തിച്ചിരുന്ന മയിലാപ്പൂർ സ്വദേശി പ്രസാദിന്റെ അറസ്റ്റിൽ നിന്നാണ് ശ്രീകാന്തിനെ പിടികൂടിയത്. അന്വേഷണത്തിൽ പ്രസാദിന് മയക്കുമരുന്ന് കച്ചവടവും ജോലി-ഭൂമി തട്ടിപ്പുകളിലും പങ്കുണ്ടെന്ന് വെളിപ്പെട്ടു. ശ്രീകാന്ത് ജൂലായ് ഏഴുവരെ റിമാൻഡിലാണ്.കഴുഗു,യാമിരിക്ക ഭയമേ, യച്ചൻ,ഗ്രഹണം, പണ്ടിഗൈ, മാരി ടു എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടനാണ് കൃഷ്ണ.















