ഹെഡിങ്ലിയിലെ തോൽവി മറക്കണം, പരമ്പരയിൽ മടങ്ങിയെത്തണം..! രണ്ടാം ടെസ്റ്റിൽ പ്ലേയിംഗ് ഇലവനിൽ വലിയ അഴിച്ചുപണി നടത്താൻ ടീം ഇന്ത്യ. ബാറ്റർമാർ മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ ഇന്ത്യയെ പിന്നോട്ടടിച്ചത് വാലറ്റത്തെ പ്രകടനവും പരിതാപകരമായ ഫീൾഡിംഗുമായിരുന്നു. ഏഴ് ക്യാച്ചുകളാണ് നിലത്തിട്ടത്. അവസരം ലഭിച്ച സായ് സുദർശനും കരുൺ നായരും നിരാശപ്പെടുത്തിയത് ഇന്ത്യയുടെ സ്കോറിംഗിനെ ബാധിച്ചു. രണ്ടാം ഇന്നിംഗ്സിൽ ബൗളർമാരുടെ പ്രകടനവും ശരാശരിക്കും താഴെയായിരുന്നു. ഇതൊക്കെയാണ് ഉടച്ചുവാർക്കലിന് വഴിയൊരുക്കുന്നത്.
ആദ്യ ഇന്നിംഗ്സിൽ അഞ്ചുവിക്കറ്റ് നേടിയ ബുമ്രയ്‌ക്ക് രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നേടാനായില്ല. ഇത് ഇന്ത്യൻ ബൗളിംഗിന് വലിയ തിരിച്ചടിയാണ് നൽകിയത്. ജോലിഭാരം കണക്കിലെടുത്ത് ബുമ്ര മാറിയാൽ അർഷദീപ് പ്ലേയിംഗ് ഇലവനിലെത്തും. ബാറ്റിംഗ് ഓൾറൗണ്ടറായി പരിഗണിച്ചിരുന്ന താക്കൂറിന്റെ പ്രകടനവും മോശമായിരുന്നു. 1, 4 എന്നിങ്ങനെയായിരുന്നു സ്കോറുകൾ. ആദ്യ ഇന്നിംഗ്സിൽ യഥേഷ്ടം റൺസ് വഴങ്ങിയ താരം വിക്കറ്റും നേടിയില്ല. ബിർമിങാമിൽ താക്കൂറിന് പകരം നിതീഷ് കുമാർ റെഡ്ഡിയെ പരിഗണിച്ചേക്കും. ബുമ്ര കളിക്കുന്ന കാര്യവും ഉറപ്പില്ല. ജഡേജയ്‌ക്ക് പകരമോ കരുൺനായർക്ക് പകരമോ കുൽദീപിനെ ഉൾപ്പെടുത്തുന്നതും പരിഗണിച്ചേക്കും.















