കാൺപൂർ: 2024 ജനുവരി 22 ന് അയോദ്ധ്യയിൽ പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠ നടന്നതിനുശേഷം, ഇന്ത്യയിലുടനീളവും വിദേശത്തുനിന്നുമുള്ള ഭക്തരുടെ വൻ ഒഴുക്കാണ് നഗരത്തിൽ അനുഭവപ്പെട്ടത്. 5.5 കോടിയിലധികം ഭക്തർ ക്ഷേത്രത്തിൽ പ്രാർത്ഥനകൾ അർപ്പിക്കാനും അനുഗ്രഹം തേടാനും എത്തിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാരിന്റെ പ്രസ്താവനയിൽ പറഞ്ഞു.
തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ വർധന പൊതുജനങ്ങളിൽ മാത്രമായി ഒതുങ്ങുന്നില്ല. കേന്ദ്ര മന്ത്രിമാർ, ഗവർണർമാർ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ, ബിസിനസ്, കായിക മേഖലകളിൽ നിന്നുള്ള പ്രമുഖർ എന്നിവരുൾപ്പെടെ ഏകദേശം 4.5 ലക്ഷം വിഐപികളും ക്ഷേത്രത്തിൽ ദർശനം നടത്തി.
മഹാക്ഷേത്രത്തിന്റെ പൂർത്തീകരണത്തോടെ, അയോധ്യ ഒരു പ്രധാന ആഗോള ആരാധനാകേന്ദ്രമായി മാറി. പൊതുഗതാഗത കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്നതിനും സംസ്ഥാന സർക്കാർ അക്ഷീണം പ്രവർത്തിച്ചതായി പ്രസ്താവനയിൽ പറയുന്നു. ദർശനത്തിനുള്ള ക്രമീകരണങ്ങൾ കാര്യക്ഷമവും സൗകര്യപ്രദവുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് നിരീക്ഷിച്ച് ഉറപ്പുവരുത്തി.
നിരവധി അന്താരാഷ്‌ട്ര പ്രമുഖർ പങ്കെടുത്ത ക്ഷേത്രത്തിന്റെ പ്രാണപ്രതിഷഠാ ചടങ്ങിന് ശേഷവും വിഐപി സന്ദർശകരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അമിതാഭ് ബച്ചൻ അടക്കമുള്ള ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമടക്കമുള്ളവരും പ്രാണപ്രതിഷ്ഠയ്‌ക്കെത്തിയിരുന്നു. അടുത്തിടെ, വിരാട് കോലി, അനുഷ്‌ക ശർമ്മ, നടൻ ഗോവിന്ദ എന്നിവരും ക്ഷേത്രത്തിൽ പ്രാർത്ഥനകൾ നടത്തിയിരുന്നു. എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് തന്റെ സഹോദരിയോടൊപ്പം അയോധ്യയിലെ ക്ഷേത്രത്തിൽ ദർശനം നടത്തി.
ഇന്നുവരെ ഏകദേശം 5.5 കോടി ഭക്തർ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ടെന്ന് ഡിവിഷണൽ കമ്മീഷണർ ഗൗരവ് ദയാൽ പറഞ്ഞു, അവരിൽ ഭൂരിഭാഗവും തീർത്ഥാടകരാണ്. വർദ്ധിച്ചുവരുന്ന തിരക്ക് നിയന്ത്രിക്കുന്നതിനായി, ക്ഷേത്ര അധികാരികൾ ഒരു ഓൺലൈൻ പാസ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്, ഇത് സാധാരണ സന്ദർശകരായാലും വിഐപികളായാലും എല്ലാവർക്കും ഒരുപോലെ ദർശനം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നു.