ഹൈദരാബാദ്: കുട്ടികളെ അനാട്ടമി പഠിപ്പിക്കാൻ മൃഗത്തിന്റെ തലച്ചോറുമായി ക്ലാസിലെത്തിയ അദ്ധ്യാപകന് സസ്‌പെൻഷൻ. തെലങ്കാനയിലെ വികരാബാദിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂൾ ഹെഡ്മാസ്റ്ററുടെ പരാതിയെ തുടർന്ന് പൊലീസ് അദ്ധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ജൂൺ 24 നായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ക്ലാസിലേക്കാണ് മൃഗത്തിന്റെ തലച്ചോറ് കൊണ്ടുവന്നത്. മൃഗത്തിന്റെ തലച്ചോറാണെന്ന് അധ്യാപകൻ പറഞ്ഞതായി വിദ്യാത്ഥികൾ മൊഴി നൽകി. ആരോപണവിധേയനായ സയൻസ് അധ്യാപകനെതിരെ ഗോവധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ അദ്ധ്യാപകൻ മതവികാരം വൃണപ്പെടുത്തി യെന്ന് ചൂണ്ടിക്കാട്ടി അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തും (എബിവിപി) മറ്റ് വിദ്യാർത്ഥി സംഘടനകളും പ്രതിഷേധം ശക്തമാക്കി. നടപടി ആവശ്യപ്പെട്ട് എബിവിപി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് മെമ്മോറാണ്ടം സമർപ്പിച്ചു. വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു.















