മുംബൈ: നാഗ്പൂർ ജില്ലാ കോടതിയിൽ ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ വികാരഭരിതനായി ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി. ആർക്കിടെക്റ്റ് ആകണമെന്ന തന്റെ സ്വപ്നം മാറ്റിവച്ച് പിതാവിന്റെ ആഗ്രഹപ്രകാരം നിയമം പഠിക്കാനിറങ്ങി തിരിച്ചതിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് വികാരധീരനായത്.
മകനെ അഭിഭാഷകനാക്കണം എന്ന പിതാവിന്റെ കടുത്ത ആഗ്രഹമാണ് തന്റെ കരിയർ വളർച്ചയ്‌ക്ക് കാരണമായതെന്ന് ജസ്റ്റിസ് പറഞ്ഞു. ഒരു ആർക്കിടെക്ട് ആകണം എന്നതായിരുന്നു “എന്റെ ആഗ്രഹം. പക്ഷേ, പിതാവിന് എന്നെ കുറിച്ച് വ്യത്യസ്ത സ്വപ്നങ്ങളാണ് ഉണ്ടായിരുന്നത്. അഭിഭാഷകനാകണം എന്നായിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷേ, സ്വാതന്ത്ര്യസമര കാലത്തിലെ വെല്ലുവിളികൾ കാരണം അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ല. അതാണ് തന്നിലൂടെ സാധ്യമാക്കിയതെന്നും” ചീഫ് ജസ്റ്റിസ് പറഞ്ഞു.
പിതാവിനെ കുറിച്ച് പറഞ്ഞ് തീരുന്നതിന് മുമ്പ് അദ്ദേഹം വിങ്ങിപ്പൊട്ടി. തുടർന്ന് സംസാരിക്കാനാവാതെ ശബ്ദം ഇടറി. വാക്കുകർ പൂർത്തിയാക്കാൻ സാധിക്കാതെ കണ്ണുനീർ തുടയ്‌ക്കുന്ന ചീഫ് ജസ്റ്റിസിന്റെ വീഡിയോ പുറത്തുവന്നു.
തന്നെ പഠിപ്പിക്കുന്നതിനും വളർത്തുന്നതിനും മാതാപിതാക്കൾ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും ത്യാഗങ്ങളെ കുറിച്ചും അദ്ദേഹം വിവരിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായിട്ടും കഷ്ടതകൾ ഉണ്ടായിട്ടും കുടുംബത്തെ ഒന്നിച്ചുനിർത്തിയ അമ്മയെ കുറിച്ചും ഭൂഷൺ ഗവായി ഓർമിച്ചു.
2015-ലെ പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തെ കുറിച്ച് സംസാരിക്കവെ അദ്ദേഹത്തിന് സങ്കടം അടക്കാനാവാതായി. ഈ വർഷം വിരമിക്കുമ്പോൾ താന്റെ ഓർമകൾ കോർത്തിണക്കിയ ഒരു പുസ്തകം പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















