രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടു. ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ അനീഷയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രണയിതാക്കളായ ഭവിനും അനീഷയ്‌ക്കും വിവാഹത്തിന് മുൻപാണ് രണ്ടു കുട്ടികൾ ജനിച്ചത്.
ഒരാൾ പ്രസവിച്ചപ്പോൾ മരിച്ചെന്നും രണ്ടാമത്തെ കുഞ്ഞിനെ ആരും അറിയാതിരിക്കാൻ കൊലപ്പെടുത്തിയെന്നുമാണ് അനീഷയുടെ മൊഴി. കുട്ടികളെ കുഴിച്ചിടാനും അസ്ഥി കൈമാറാനും നിർദേശിച്ചത് ഭവിനായിരുന്നു. ഇയാൾ അസ്ഥി സൂക്ഷിച്ചത് യുവതി ബന്ധത്തിൽ നിന്ന് പിന്മാറിയാൽ ഭീഷണിപ്പെടുത്താനായിരുന്നു.
യുവതി ബന്ധത്തിൽ നിന്ന് അകലുകയും മറ്റാരുമായോ അടുപ്പമുണ്ടെന്ന് സംശയം ഉടലെടുത്തതോടെയുമാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തൽ നടത്തിയത്.ശനിയാഴ്ച അർദ്ധരാത്രിയാണ് യുവാവ് മദ്യലഹരിയിൽ ബാഗുമായി സ്റ്റേഷനിലെത്തിയത്. പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. മാസം തികയുന്നതിന് മുൻപേ ജനിച്ച ആൺകുട്ടികൾ മരിച്ചെന്നും അവരുടെ അസ്ഥിയാണ് ബാഗിലുള്ളതെന്നും വെളിപ്പെടുത്തുകയായിരുന്നു.
സമൂഹമാദ്ധ്യമത്തിലൂടെ 2020-ലാണ് ഭവിനും അനീഷയും പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായി, വിവാഹം കഴിക്കാനും തീരുമാനിച്ചു. 2021-ൽ ആദ്യ കുട്ടി ജനിച്ചു. ഇത് പ്രസവത്തിൽ മരിച്ചെന്നാണ് വെളിപ്പെടുത്തൽ. 2023 ൽ ജനിച്ച കുട്ടിയെ പ്രസവം പുറത്തറിയാതിരിക്കാൻ അനീഷ കൊലപ്പെടുത്തുകയായിരുന്നു. അനീഷ ശ്വാസം മുട്ടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.
മോക്ഷം ലഭിക്കാൻ അസ്ഥികൾ കടലിലൊഴുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ അവ കൈക്കലാക്കിയത്. എന്നാൽ പിന്നീട് ഇവർ തമ്മിൽ കലഹം പതിവായി. യുവതി വേറെ വിവാഹത്തിന് നീക്കം നടത്തുന്നതായി യുവാവ് മനസിലാക്കി. അനീഷ മറ്റൊരു ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെ ഇയാൾ അക്കാര്യം ഉറപ്പിച്ചു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ ബിസിയായതോടെ മദ്യലഹരിയിലായിരുന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തി സത്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. കുട്ടികൾ ഇവരുടേതാണോ എന്ന് അറിയാൻ പൊലീസ് ഡിഎൻഎ പരിശോധന നടത്തും.















