വാഷിംഗ്ടൺ: അയൽരാജ്യം ഭീകരതയെ പിന്തുണയ്‌ക്കുകയും സമൂഹത്തിന് വിനാശം സൃഷ്ടിക്കുകയും ചെയ്യുമ്പോൾ പരസ്യമായി വിമർശിക്കുക തന്നെ വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരതയെ തുടർന്നുണ്ടായ ഭവിഷത്തുകൾ ലോകത്തോട് വിളിച്ചുപറയുന്നതാണ് അതിനുള്ള ഏകമാർഗമെന്നും ജയശങ്കർ പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎസിൽ എത്തിയ ജയശങ്കർ യുഎൻ ആസ്ഥാനത്ത് നടന്ന ഭീകരതയ്‌ക്കെതിരെയുള്ള എക്സിബിഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
ഭീകരതയ്‌ക്കെതിരെ പോരാടാൻ എല്ലാവർക്കും സാധിക്കണം. ഭീകരവാദം തകർത്ത് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കണം. അതിന് നമ്മൾ പ്രതിജ്ഞാബദ്ധരാകണം. മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിൽ ഒന്നാണ് ഭീകരവാദം. മനുഷ്യാവകാശങ്ങൾ, നിയമങ്ങൾ എന്നിവയ്‌ക്കൊക്കെ എതിരാണിത്.
ഇന്ത്യയിലുണ്ടായ ഭീകരാക്രമണത്തെ ഐക്യരാഷ്‌ട്രസഭ ശക്തമായി അപലപിച്ചിരുന്നു. ഭീകരരെ നിയമത്തിന് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എവിടെയാണെങ്കിലും ഭീകരവാദം സമാധാനത്തിന് ഭീഷണിയാണെന്നും ജയശങ്കർ പറഞ്ഞു.
1993-ലെ മുംബൈ ബോംബ് സ്ഫോടനങ്ങൾ, 2008 ലെ മുംബൈ ഭീകരാക്രമണം, പഹൽഗാം ഭീകരാക്രമണം എന്നിവയുൾപ്പെടെ ലോകമെമ്പാടും നടന്ന ഭീകരാക്രമണങ്ങൾ ഡിജിറ്റൽ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ആക്രമണങ്ങൾക്ക് ഉത്തരവാദികളായ ലഷ്കർ ഇ ത്വയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുടെ പേരും ഇതിൽ ഉൾപ്പെടുന്നു. യുഎൻ അംബാസഡർമാർ, മുതിർന്ന യുഎൻ ഉദ്യോഗസ്ഥർ, പ്രതിനിധികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.















