രാജസ്ഥാൻ നായകനായ സഞ്ജു സാംസണെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. സിഎസ്കെയുടെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ക്രിക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജസ്ഥാനുമായി ചെന്നൈ ഇതുവരെ ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങൾ സഞ്ജു സാംസണായി ശ്രമിക്കുന്നുണ്ട്. അദ്ദേഹമൊരു ഇന്ത്യൻ താരവും ഓപ്പണറും അതിലുപരി വിക്കറ്റ് കീപ്പറുമാണ്. അദ്ദേഹം സന്നദ്ധനാണെങ്കിൽ സഞ്ജുവിനെ സ്ക്വാഡിൽ എത്തിക്കാൻ ശ്രമിക്കും. ഇതുവരെയും ട്രേഡിംഗ് നടപടികളെക്കുറിച്ച് സംസാരിച്ചിട്ടില്ലെങ്കിലും സഞ്ജുവിനെ ടീമിലെത്തിക്കാൻ ഞങ്ങൾക്ക് താത്പ്പര്യമുണ്ട്. സിഎസ്കെ ഉദ്യോഗസ്ഥൻ പറഞ്ഞതായി ക്രിക്ബസ് വ്യക്തമാക്കി.
അതേസമയം ചെന്നൈ സഞ്ജുവിന് പകരം മറ്റൊരു താരത്തെ കണ്ടെത്തേണ്ടിവരും. രാജസ്ഥാൻ നിലനിർത്തിയ ആദ്യ താരമാണ് സഞ്ജു സാംസൺ.18-കോടിയാണ് പ്രതിഫലം. ചെന്നൈ ഈ തരത്തിൽ നിലനിർത്തിയത് ഋതുരാജ് ഗെയ്ക്വാദിനെയാണ്. ദീഘകാല നായകനായി നിശ്ചയിച്ച താരത്തെ കൈമാറാൻ ടീം തയാറാകുമോ എന്ന കാര്യം കണ്ടറിയണം. അതേസമയം ട്രേഡിംഗ് വിൻഡോ നിലവിൽ ഓപ്പണാണ്. സഞ്ജുവിന് വേണ്ടി മറ്റു ചില ടീമുകളും രാജസ്ഥാനെ സമീപിച്ചെന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്. 18-ാം സീസണെക്കുറിച്ചുള്ള ഒരു വിലയിരുത്തൽ രാജസ്ഥാൻ മാനേജ്മെന്റ് ലണ്ടനിൽ നടത്തിയിട്ടുണ്ട്. മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡും പങ്കെടുത്തിരുന്നു.















