ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുൻ ഭാര്യക്കും മകൾക്കും ജീവനാംശമായി പ്രതിമാസം 4-ലക്ഷം രൂപ വീതം നൽകണമെന്ന് കൊൽക്കത്ത ഹൈക്കോടതി. ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അജോയ് കുമാർ മുഖർജിയുടെ ഉത്തരവ്.
ഷമി പ്രതിമാസം ഒന്നരലക്ഷം രൂപ ഭാര്യക്കും 2.5 ലക്ഷം രൂപ മകൾക്കും നൽകണമെന്നാണ് വിധി. ഈ ന്യായമായ ജീവനാംശം ഇരുവരുടെയും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ മുൻസൂചിപ്പിച്ച തുകയല്ലാത്തെ മകളുടെ വിദ്യാഭ്യാസത്തിനും മറ്റു ചെലവുകൾക്കുള്ള തുകയും നൽകണമെന്നും കോടതി കൂട്ടിച്ചേർത്തു.
പ്രായത്തിൽ തന്നേക്കാൾ 10 വയസിനു മുതിർന്ന ഹസിൻ ജഹാനെ 2014 ജൂൺ ആറിനാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്. 2012ലെ ഐപിഎൽ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നതും പിന്നീട് പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും കടന്നു.
ഹസിൻ ജഹാന് മുൻവിവാഹത്തിൽ വേറെയും മക്കളുണ്ട്. 2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് പൊലീസിൽ പരാതിയും നൽകി. ഐപിഎല്ലിൽ നിറം മങ്ങിയ ഷമിയെ ദേശീയ ടീമിലേക്കും നിലവിൽ പരിഗണിച്ചിട്ടില്ല. പരിക്കിനും ശസ്ത്രക്രിയകൾക്കും ശേഷമാണ് ഷമി ഐപിഎല്ലിൽ മടങ്ങിയെത്തിയത്.















