സാൻ ഫ്രാൻസിസ്കോ: വാർഷിക ഹോളി ഉത്സവത്തിന് ആഗോളതലത്തിൽ പേരുകേട്ട, സ്പാനിഷ് ഫോർക്കിലുള്ള ഇസ്‌കോൺ ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിനുനേരെ വെടിവെയ്പ്പ്. അജ്ഞാതരുടെ ആക്രമണത്തിൽ ക്ഷേത്രപരിസരത്ത് രണ്ട് ഡസനിലധികം വെടിയുണ്ടകളാണ് പതിച്ചത്. വെടിവയ്പ്പിൽ ക്ഷേത്രത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
രാത്രിയിൽ ഭക്തരും പൂജാരിമാരും ഉണ്ടായിരുന്ന സമയത്താണ് വെടിവെയ്പ്പ് ഉണ്ടായത്. ക്ഷേത്രത്തിനുള്ളിലും പരിസര പ്രദേശങ്ങളിലുമായി 20 മുതൽ 30 വരെ വെടിയുണ്ടകൾ പതിച്ചതായി ഇസ്‌കോൺ ഭാരവാഹികൾ പറയുന്നു. ക്ഷേത്രത്തിന്റെ കൈകൊണ്ട് കൊത്തിയെടുത്ത സങ്കീർണ്ണമായ കമാനങ്ങൾ ഉൾപ്പെടെ തകർന്നു. ആയിരക്കണക്കിന് ഡോളറിന്റെ നാശനഷ്ടമാണ് സംഭവിച്ചത്.
ആക്രമണത്തെ അപലപിച്ച സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഭക്തർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും വേഗത്തിലുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
“ഉട്ടായിലെ സ്പാനിഷ് ഫോർക്കിലുള്ള ഇസ്‌കോൺ ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിൽ അടുത്തിടെയുണ്ടായ വെടിവയ്പ്പ് സംഭവത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. എല്ലാ ഭക്തർക്കും വിശ്വാസ സമൂഹത്തിനും കോൺസുലേറ്റ് പൂർണ്ണ പിന്തുണ നൽകുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഉടനടി നടപടിയെടുക്കാൻ പ്രാദേശിക അധികാരികളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു” എക്‌സിലെ പോസ്റ്റിൽ കോൺസുലേറ്റ് വ്യക്തമാക്കി.
We strongly condemn the recent firing incident at the ISKCON Sri Sri Radha Krishna temple in Spanish Fork, Utah. The Consulate extends full support to all the devotees and the community and urges the local authorities to take prompt action to bring the perpetrators to justice.…
— India in SF (@CGISFO) July 1, 2025
ഈ വർഷം മാർച്ച് 9 ന്, ലോസ് ഏഞ്ചൽസിലെ ബാപ്സ് ഹിന്ദു ക്ഷേത്രത്തിനെതിരെയും സമാനമായൊരു ആക്രമണമുണ്ടായിരുന്നു. ഖാലിസ്ഥാൻ ഭീകരരുടെ സംഘടനയാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്നു.















