എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. 120 ഓവർ പിന്നിടുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 470 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 89 റൺസെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ഏറ്റവും ഒടുവിൽ ഇന്ത്യക്ക് നഷ്ടമായത്. തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഫോം തുടർന്ന ക്യാപ്റ്റൻ ഗില്ലിന്റെ ഡബിൾ സെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. 311 പന്തിൽ ഇരട്ടശതകം തികച്ച താരം 21 ബൗണ്ടറികളും രണ്ട് സിക്സും അതിർത്തിവര കടത്തി. നായകന് കൂട്ടായി 20 റൺസുമായി വാഷിംഗ്ടൺ സുന്ദറും ക്രീസിലുണ്ട്. ഡബിൾ സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യൻ നായകനും വിദേശത്ത് ഇരട്ട ശതകം നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനുമാണ് ഗിൽ.
310/5 എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിംഗ് ആരംഭിച്ചത്. ആറാം വിക്കറ്റ് ജഡേജ-ഗിൽ സഖ്യം 203 റൺസിന്റെ കൂട്ടുക്കെട്ടാണ് ഉയർത്തിയത്. ജോഷ് ടങ്കിന്റെ പന്തിൽ സ്മിത്തിന് ക്യാച്ച് നൽകി ജഡേജ കൂടാരം കയറിയതോടെയാണ് പാർട്ണർഷിപ്പ് തകർന്നത്. ആദ്യ ദിനം റിഷഭ് പന്ത്(25), കരുൺ നായർ(31), യശസ്വി ജയ്സ്വാൾ(87), കെ.എൽ രാഹുൽ(2), നിതീഷ് കുമാർ റെഡ്ഡി(1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യസക്ക് നഷ്ടമായത്. ക്രിസ് വോക്സ് രണ്ടുവിക്കറ്റ് നേടി. ഷോഐബ് ബഷീർ, ജോഷ് ടങ്ക്, ബെൻ സ്റ്റോക്സ്,ബ്രൈഡൻ കാഴ്സ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.















