ടെസ്റ്റ് ക്രിക്കറ്റിൽ കന്നി ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ നായകനായ ശുഭ്മാൻ ഗിൽ സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ. എഡ്ജ്ബാസ്റ്റണിലാണ് താരത്തിന്റെ കന്നി ഇരട്ട ശതകം പിറന്നത്. ഇതോടെ ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ഗിൽ. വിദേശമണ്ണിൽ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ നായകനെന്ന നേട്ടവും താരം സ്വന്തമാക്കി. ഇന്ത്യൻ നായകന്റെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറും വിരാട് കോഹ്ലിയെ മറികടന്ന് ശുഭ്മാൻ തന്റെ പേരിലാക്കി. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ 2019ൽ പൂനെയിൽ വിരാട് നേടിയ 254 റൺസിന്റെ റെക്കോർഡാണ് തകർന്നത്. 269 റൺസാണ് ഗിൽ നേടിയത്.
2016 വിൻഡീസിനെതിരെ ഇരട്ട സെഞ്ച്വറി നേടിയ വിരാട് കോലിയാണ് ഗില്ലിന് മുന്നിലുള്ളത്. ടെസ്റ്റിൽ ഇരട്ടശതകം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യൻ നായകനെന്ന ഖ്യാതിയും ഗില്ലിനെ തേടിയെത്തി. വിദേശ മണ്ണിൽ 46 വർഷം പഴക്കമുള്ള സുനിൽ ഗാവസ്കറുടെ റെക്കോർഡും ഗിൽ മറികടന്നു. 221 റൺസെന്ന ഗാവസ്കറുടെ വ്യക്തിഗത സ്കോര്‍ മറികടന്നാണ് ഗില്ലിന്റെ നേട്ടം. ഒരു ഇന്ത്യൻ ബാറ്ററുടെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച സ്കോറും ഇനി ഗില്ലിന്റെ പേരിലാണ്. 1979-ൽ ഓവലിലാണ് സുനിൽ ഗാവസ്കർ ഇരട്ടശതകം നേടിയത്.















