തിരുവനന്തപുരം: കേരളം ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താര ലേലത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസണെ റെക്കോർഡ് തുകയ്‌ക്ക് സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 26.80 ലക്ഷത്തിനാണ് സഞ്ജുവിനെ കൊച്ചിയിലെത്തിച്ചത്. മൂന്ന് ലക്ഷ്യമായിരുന്നു സഞ്ജുവിന്റെ അടിസ്ഥാനവില. താരത്തിന്റെ ആദ്യ കെസിഎൽ സീസൺ കൂടിയാണിത്.
അതേസമയം വിഷ്ണു വിനോദിനെ 12.8 ലക്ഷത്തിന് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് സ്വന്തമാക്കി. കഴിഞ്ഞ വർഷം തൃശൂർ ടൈറ്റൻസ് താരമായിരുന്നു. ജലജ് സക്‌സേനയെ 12.40 ലക്ഷത്തിന് ആലപ്പി റിപ്പിള്‍സ് ടീമിലെത്തിച്ചു. താരത്തിന്റെയും ആദ്യ കെസിഎൽ സീസൺ കൂടിയാണിത് അബ്ദുൾ ബാസിദിനെ 6.40 ലക്ഷത്തിന് അദാനി ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കി. പേസർ ബേസിൽ തമ്പിയും ട്രിവാൻഡ്രം റോയൽസിന് വേണ്ടി കളിക്കും. 8.4 ലക്ഷത്തിനാണ് ബേസിൽ ടീമിലെത്തിയത്.
ഷോണ്‍ റോജര്‍ തൃശൂര്‍ ടൈറ്റന്‍സിന് വേണ്ടി കളിക്കും. സിജോമോന്‍ ജോസഫും തൃശൂരിലെത്തി. അജിനാസിനെ 6.40 ലക്ഷം രൂപയ്‌ക്ക് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കി. എ, ബി, സി കാറ്റഗറികളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ 15 താരങ്ങളെ വിവിധ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ശേഷിക്കുന്ന 155 താരങ്ങള്‍ക്കായാണ് ശനിയാഴ്ചത്തെ ലേലം.















