തിരുവനന്തപുരം: കണ്ണടയിൽ ഒളികാമറ വച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവിനെതിരെ കേസെടുത്തു. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ സുരേന്ദ്രഷായ്‌ക്കെതിരെയാണ് കേസെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.
കൗതുകത്തിന് വേണ്ടിയാണ് ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സുരേന്ദ്രഷായ്‌ക്കൊപ്പം അഞ്ച് സ്ത്രീകളുമുണ്ടായിരുന്നു. മധുര, രാമേശ്വരം എന്നിവിടങ്ങൾ സന്ദർശിച്ചശേഷമാണ് തീർത്ഥാടക സംഘം പത്മനാഭസ്വാമിക്ഷേത്രത്തിൽ എത്തിയത്.
കണ്ണടയിൽ ഒരു ലൈറ്റ് കണ്ടതോടെയാണ് സുരക്ഷാഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചത്. പരിശോധനകൾ കഴിഞ്ഞ് മുന്നിലേക്ക് നീങ്ങുമ്പോൾ ലൈറ്റ് കണ്ണിൽപ്പെടുകയായിരുന്നു.