ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദം തള്ളിക്കളഞ്ഞ് ദസാൾട്ട് സിഇഒ എറിക് ട്രാപ്പിയാർ. ഇന്ത്യ-പാക് സംഘർഷത്തിനിടെ ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം തകർന്നിരുന്നു. എന്നാൽ അത് സാങ്കേതിക തകരാർകൊണ്ട് മാത്രമാണ് തകർന്നതെന്ന് ദസാൾട്ട് സിഇഒ വ്യക്തമാക്കി.
പാകിസ്ഥാന്റെ ലോംഗ് റേഞ്ച് മിസൈലുകൾ ഉപയോഗിച്ച് മൂന്ന് റാഫേൽ ഉൾപ്പെടെ ഇന്ത്യൻ വ്യോമസേനയുടെ അഞ്ച് യുദ്ധവിമാനങ്ങൾ തകർത്തുവെന്നായിരുന്നു പാകിസ്ഥാന്റെ അവകാശവാദം. ഒരു തെളിവുകളും കാണിക്കാതെയാണ് പാക് സൈന്യം തുടർച്ചയായി അവകാശവാദം ഉന്നയിച്ചിരുന്നത്. പാകിസ്ഥാന്റെ വാദങ്ങൾ അടിസ്ഥാനരഹിതവും തെറ്റാണെന്നും ഫ്രഞ്ച് കമ്പനിയായ ദസാൾട്ട് ഏവിയേഷൻ വ്യക്തമാക്കി.
ഫ്രഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ തകർന്നെന്ന തെറ്റായ പ്രചാരണത്തെ തുടർന്നാണ് ദസാൾട്ട് സിഇഒ തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയത്. പാകിസ്ഥാൻ ആക്രമണത്തിൽ ദസോ വിമാനങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.