സാമ്പത്തിക ക്രമക്കേട് നടത്തി 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പരാതിയിൽ പേഴ്‌സണൽ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി അറസ്റ്റിൽ. ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിലും അവരുടെ സ്വകാര്യ അക്കൗണ്ടുകളിലും 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകൾ നടത്തിയെന്നാണ് 32 കാരിയായ വേദികയ്‌ക്കെതിരെയുള്ള കേസ്.
2022 മെയ് മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ഈ തട്ടിപ്പ് നടന്നതെന്ന് പോലീസ് പറഞ്ഞു. ആലിയ ഭട്ടിന്റെ അമ്മയും നടിയും സംവിധായികയുമായ സോണി റസ്ദാൻ ജനുവരി 23 ന് ജുഹു പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന്, ക്രിമിനൽ, വിശ്വാസ വഞ്ചന, എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വേദിക ഷെട്ടി 2021 മുതൽ 2024 വരെ ആലിയ ഭട്ടിന്റെ പേഴ്‌സണൽ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. ഈ കാലയളവിൽ നടിയുടെ സാമ്പത്തിക രേഖകളും പേയ്‌മെന്റുകളും അവർ കൈകാര്യം ചെയ്യുകയും ഷെഡ്യൂൾ ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ വേദിക വ്യാജ ബില്ലുകൾ തയ്യാറാക്കി, ആലിയ ഭട്ടിനെക്കൊണ്ട് ഒപ്പിടുവിച്ച് പണം തട്ടിയെടുത്തതായി കണ്ടെത്തി. യാത്ര, മീറ്റിംഗുകൾ, മറ്റ് അനുബന്ധ ക്രമീകരണങ്ങൾ എന്നിവയ്‌ക്കായുള്ള ചെലവുകളെന്നാണ് നടിയെ ധരിപ്പിച്ചിരുന്നത്.
വ്യാജ ബില്ലുകൾ യാഥാർത്ഥമെന്ന് വരുത്തിത്തീർക്കാൻ വേദിക ഷെട്ടി പ്രൊഫഷണൽ ഉപകരണങ്ങൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ആലിയ ഭട്ട് അവയിൽ ഒപ്പിട്ട ശേഷം, തുക അവരുടെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റി, തുടർന്ന് പണം വേദികയുടെ അക്കൗണ്ടിലേക്ക് തിരികെ അയയ്‌ക്കുകയും ചെയ്യുന്നതെയിരുന്നു തട്ടിപ്പിന്റെ രീതി. പരാതി നൽകിയ പിന്നാലെ ഒളിവിൽ പോയ വേദികയെ ജുഹു പോലീസ് ബെംഗളൂരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.