ഇസ്ലാമാബാദ്: ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു തീവ്രവാദിയെ സാധാരണക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ച് നാണംകെട്ട് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖർ. ലൈവ് ടെലിവിഷൻ ചർച്ചയ്‌ക്കിടെ നടന്ന വസ്തുതാ പരിശോധനയിൽ അവരുടെ കള്ള പ്രചാരണങ്ങൾ അവതാരക പൊളിച്ചടുക്കി. മെയ് 7 ന് ഇന്ത്യ നടത്തിയ “ഓപ്പറേഷൻ സിന്ദൂരിൽ” കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരത്തിന് നേതൃത്വം നൽകിയ ഹാഫിസ് അബ്ദുർ റൗഫ് വെറും ഒരു സാധാരണ പാകിസ്ഥാൻകാരനാണെന്നും യുഎസ് നിരോധിച്ച കുപ്രസിദ്ധമായ ആഗോള ഭീകരനല്ലെന്നുമുള്ള പാകിസ്ഥാന്റെ വാദത്തെ ശക്തിപ്പെടുത്തുകയായിരുന്നു ഹിന റബ്ബാനിയുടെ ശ്രമം.
“ലോകം മുഴുവൻ പങ്കുവെച്ച തെളിവുകളോടെ, അധികാരത്തോടെ ഞാൻ നിങ്ങളോട് പറയുന്നു, ഇന്ത്യ ആരോപിക്കുന്ന ആളല്ല ഇയാൾ. നിങ്ങൾ അവകാശപ്പെടുന്ന ആളല്ല ഇയാൾ. പാകിസ്ഥാനിൽ ഒരു ദശലക്ഷം അബ്ദുൾ റൗഫുകൾ ഉണ്ട്,” ശവസംസ്കാര ചടങ്ങിൽ റൗഫിന്റെ വ്യാപകമായി പ്രചരിച്ച ചിത്രം കാണിച്ചുകൊണ്ട് ഹിന റബ്ബാനി പറഞ്ഞു.
എന്നാൽ അവതാരക ഓപ്പറേഷൻ സിന്ദൂരിനുശേഷം നടന്ന പത്രസമ്മേളനത്തിൽ പാകിസ്ഥാൻ സൈന്യം ഈ ചിത്രം വ്യാജമാണെന്ന് പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ഭീകരൻ അബ്ദുൾ റൗഫ് ആഗോള ഭീകരനാണെന്നും ഇയാളുടെ നാഷണൽ ഐഡി നമ്പർ യുഎസിന്റെ ഭീകരപ്പട്ടികയിലേതിന് സമാനമെന്നും ഇന്ത്യ കണ്ടെത്തിയ വസ്തുതകൾ അവതാരക ആവർത്തിച്ചു. ഒടുവിൽ തന്റെ പൊള്ളയായ വാദം പൊളിയുമെന്നുറപ്പായതോടെ മുഖം രക്ഷിക്കാൻ അവർ ചിത്രത്തിലുള്ളത് യുഎസ് ഭീകരപ്പട്ടികയിൽ ഉള്ള ആളല്ലെന്നും ഭീകരനോട് സാമ്യമുള്ള മറ്റൊരാളാണെന്നും പറഞ്ഞ് തടിതപ്പി.