ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ച 18 കാരിയെ ടോയ്‌ലറ്റ് ആസിഡ് ക്ലീനർ ഉപയോഗിച്ച് ആക്രമിച്ച് യുവാവ്. കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിലാണ് സംഭവം. പെൺകുട്ടിയെ ആക്രമിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യക്കും ശ്രമിച്ചു. സംഭവത്തിൽ പ്രതിയായ ആനന്ദ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പെൺകുട്ടിയുടെ ബന്ധുവാണ്.
മഞ്ചനബലെ ഗ്രാമത്തിലെ വൈശാലി എന്ന പെൺകുട്ടിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. യുവാവ് വൈശാലിയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പെൺകുട്ടി ഇത് നിരസിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ ആനന്ദ് കുമാർ ടോയ്‌ലറ്റ് ആസിഡ് ക്ലീനർ പെൺകുട്ടിയുടെ മുഖത്ത് ഒഴിച്ച ശേഷം ഡീസൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരിക്കുന്നു.
ആക്രമണത്തിൽ ഉപയോഗിച്ച ആസിഡ് വീര്യം കുറഞ്ഞതായതിനാൽ ഇരയ്‌ക്ക് നേരിയ പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് പോലീസ് പറഞ്ഞു. അത്സമയം സ്വയം തീകൊളുത്തിയ യുവാവ് 70 ശതമാനത്തിലധികം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചിക്കബെല്ലാപുര പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.