തിരുവനന്തപുരം: പത്തുവയസുകാരിയെ പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം കഠിന തടവും 45,000 രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതി അനിൽകുമാറിനെ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്‌ക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒന്നര വർഷം അധികം തടവ് അനുഭവിക്കണം.
2020 മാർച്ച് 15നു മുൻപുള്ള ദിവസങ്ങളിലാണ് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതെന്നാണ് കേസ്.സംഭവത്തെക്കുറിച്ച് പുറത്തുപറയാതിരിക്കാൻ കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. അതിജീവിതയെ നിർബന്ധിപ്പിച്ച് മൊബൈലിൽ അശ്ലീല വീഡിയോകളും കാണിച്ചിരുന്നു. ഭയന്ന കുട്ടി വിവരങ്ങൾ പുറത്താരോടും പറഞ്ഞിരുന്നില്ല. ഒടുവിൽ പീഡനത്തിനിരയായ ദിവസമാണ് വിവരം അമ്മുമ്മയോട് വെളിപ്പെടുത്തുന്നത്. തുടർന്ന് വീട്ടുകാർ നഗരൂർ പൊലീസിനെ സമീപിച്ചു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ മോഹൻ ഹാജരായി. നെടുമങ്ങാട് ഡിവൈഎസ്പിയായിരുന്ന സുനീഷ് ബാബു, എസ്ഐ എസ്.എസ് ഷിജു എന്നിവരാണ് കേസന്വേഷിച്ചത്.